w

മാവേലിക്കര : നടപടികൾ നടക്കുന്നുണ്ടെന്ന് പറയുമ്പോഴും കോട്ടത്തോട് കൈയേറ്റത്തിന് കുറവില്ല. 4മുതൽ ആറര മീറ്റർ വരെ വീതിയുണ്ടായിരുന്ന തോട് ഇപ്പോൾ പലേടത്തും രണ്ടര മീറ്ററായി ചുരുങ്ങിയിട്ടുണ്ട്. ഒരു വർഷം മുമ്പ് റവന്യു വകുപ്പും നഗരസഭയും ചേർന്ന് കോട്ടത്തോടിന്റെ അതിർത്തി നിർണ്ണയിച്ച് കല്ലിട്ടെങ്കിലും നഗരപരിധിയിലെ താമസക്കാരായ കൈയ്യേറ്റക്കാരുടെ മേൽവിലാസം ശേഖരിക്കാൻ പോലും ഉദ്യോഗസ്ഥർക്കോ അവരെ നിയന്ത്രിക്കുന്ന ഭരണാധികാരികൾക്കോ സാധിച്ചിട്ടില്ല.

കെ.എസ്.ആർ.ടി.സി ജംഗ്ഷൻ മുതൽ മണ്ഡപത്തിൻകടവ് വരെ 58 ഇടങ്ങളിലാണ് കൈയ്യേറ്റം രേഖപ്പെടുത്തിയത്. കക്കൂസ് മാലിന്യം അടക്കം തോട്ടിലേക്ക് ഒഴുക്കുന്നതും പരിശോധനയിൽ കണ്ടെത്തിയിരുന്നു. സ്വകാര്യ വ്യക്തികൾ കൈയ്യേറിയ സ്ഥലം തിട്ടപ്പെടുത്തി അന്ന് കല്ലുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. കൈയേറ്റം നടത്തിയ ചിലർക്ക് നഗരസഭ നോട്ടീസ് നൽകിയെങ്കിലും അവർ തദ്ദേശ സ്വയംഭരണ ട്രിബ്യൂണലിൽ നിന്ന് സ്റ്റേ വാങ്ങിയതോടെ തുടർ നടപടികൾ മുടങ്ങി. ഭരണപക്ഷത്തെ ചിലർ ഇടപെട്ട് കൃത്യമായ വിവരങ്ങൾ നഗരസഭയിൽ നിന്ന് ട്രിബ്യൂണലിന് കൈമാറാതിരുന്നതാണ് ഇങ്ങനെയൊരു സ്ഥിതിയിലേക്ക് എത്തിച്ചതെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു.

കൈയേറ്റക്കാരുടെ വിലാസം

പോലും അറിയില്ല !

 കൈയ്യേറ്റം നടത്തിയ 4 പേർക്ക് മാത്രമാണ് നഗരസഭ നോട്ടീസ് നൽകിയത്

 ഇവരാകട്ടെ തദ്ദേശ സ്വയംഭരണ ട്രിബ്യൂണലിൽ നിന്ന് സ്റ്റേ വാങ്ങി

 കൈയ്യേറ്റ ഭൂമിയുടെ സർവ്വേ നമ്പരുകൾ റവന്യു അധികൃതർ നഗരസഭക്ക് കൈമാറിയിരുന്നു

 ഒരു വർഷമായിട്ടും ഇവരുടെ മേൽവിലാസം കണ്ടെത്താൻ നഗരസഭക്ക് കഴിഞ്ഞിട്ടില്ല

വൻ കൈയ്യേറ്റം കണ്ടെത്തിയിട്ടും നടപടി മാത്രം ഉണ്ടാകുന്നില്ല. കൈയ്യേറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കാത്തതരത്തിലുള്ള ഇടപെടലുകൾ ഉണ്ടാകുന്നുണ്ട്

- പ്രദേശവാസികൾ