ഹരിപ്പാട്: ചെറുതന ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു നിർവഹിച്ചു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടാണ് വിവിധ സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചത്. ഹരിത കർമ്മ സേന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള 2 എം.സി.എഫ് കളിലും മങ്കുഴി പാലം, മാണിക്യശ്ശേരി പാലം എന്നിവിടങ്ങളിലാണ് ക്യാമറ സ്ഥാപിച്ചത്. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ നാലര ലക്ഷം രൂപ മുടക്കിയാണ് സ്ഥാപിച്ചത്. ഈ വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെറുതന പാലം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പത്മജ മധു അദ്ധ്യക്ഷയായി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിസാർ അഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശോഭന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനു ചെല്ലപ്പൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അരുണിമ രഘുവരൻ, മായാദേവി, അനില, ടി മുരളി, ശ്രീകലാ സത്യൻ, ശരത് ചന്ദ്രൻ,തുടങ്ങിയവർ പങ്കെടുത്തു.