ആലപ്പുഴ : വിവിധകാരണങ്ങളാൽ തുടർപഠനം നടക്കാതിരുന്ന ജില്ലയിലെ 501പേർ ഇനി ബിരുദധാരികളാകും. പ്ലസ് ടു തുല്യത കോഴ്‌സ് വിജയിച്ചവർക്കായി ജില്ലാ പഞ്ചായത്തും സാക്ഷരത മിഷനും നടത്തുന്ന ബിരുദപഠനത്തിന് 501 പേർ സീറ്റ് ഉറപ്പിച്ചു. ഈ മാസം 23 വരെയായിരുന്നു രജിസ്റ്റർ ചെയ്യാനുള്ള സമയം.
ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സ് വിജയിച്ചവർക്കായി ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സാക്ഷരതാമിഷന്റെ ബിരുദ കോഴ്‌സ് ആരംഭിച്ചത്. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടേതാണ് കോഴ്‌സ്.

ഒക്ടോബറിൽ ഉദ്ഘാടനം നടത്തി ക്ലാസുകൾ ആരംഭിക്കുകയാണ് ലക്ഷ്യം. നഗരത്തിലെ ഒരു കോളേജിലാകും ക്ലാസുകൾ . നാല് വർഷമാണ് കോഴ്‌സിന്റെ ദൈർഘ്യം. വർഷത്തിൽ രണ്ടുവീതം ആകെ എട്ട് സെമസ്റ്ററുകൾ ഉണ്ടാകും.

 സംസ്ഥാനത്തെ ആദ്യ തുല്യതാ ബിരുദ പദ്ധതിയാണ് ഇത്

 സോഷ്യോളജി, കൊമേഴ്‌സ് എന്നിവയിലാണ് കോഴ്സുകൾ.

 ഭൂരിഭാഗം പേരും സോഷ്യോളജിക്കാണ് അഡ്മിഷനെടുത്തത്

സോഷ്യോളജി തിരഞ്ഞെടുത്തവർ : 441

ബികോം : 60

വിവിധ വിഭാഗങ്ങളിൽ നിന്ന് രജിസ്റ്റർ ചെയ്തവർ

ബി.പി.എൽ : 249

ജനറൽ : 118

എസ്.സി : 96

ഭിന്നശേഷി : 6

മത്സ്യത്തൊഴിലാളി : 32