fisheries

ആലപ്പുഴ: മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ഗ്രാന്റുകൾ രണ്ടുവർഷമായി വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് ഉപരോധിച്ചു.എൽ.പി സ്കൂൾ മുതൽ പ്രൊഫഷണൽ കോഴ്സുകൾ വരെയുള്ള വിദ്യാർത്ഥികൾക്കാണ് ആനുകൂല്യങ്ങൾ ലഭിക്കാത്തത്. മത്സ്യബന്ധന മേഖല വലിയ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സാഹചര്യത്തിൽ,​ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കിയതായി കെ.എസ്.യു ജില്ലാ നേതാക്കൾ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് എ.ഡി തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജിത്തു ജോസ് എബ്രഹാം,സിംജോ സാമുവൽ സക്കറിയ, അഫ്നാൻ ചാങ്ങയിൽ, ആര്യാ കൃഷ്ണൻ, തൻസിൽ നൗഷാദ്,റോബിൻ ജോസഫ്,ആദിത്യൻ,ഗോകുൽ നാഥ്, സാബിത്ത് മുഹമ്മദ്, യു.കെ അനന്തകൃഷ്ണൻ, അതുൽ ശിവാനന്ദൻ, ബേബൻ ടി.ബാബു, ദേവികസുഭാഷ്, എം.എസ് ശ്രീഹരി, മുഹമ്മദ് നിയാസ്,രാഹുൽ രാജൻ,വിഷ്ണുപ്രസാദ്, വിശാഖ് വിജയൻ, അനന്തലക്ഷ്മി അനിൽ, അൻവിൻ കുരുവിള, ലിനു വർഗീസ്,നവനീത് പി, സൂര്യനാരായണൻ, അർജുൻ ഗോപകുമാർ, ഷാരോൺ ഷാജി,ബോണി ഫെയ്സ്,അഗസ്റ്റിൻ ജോസഫ്, ജോയൽ വർഗീസ് മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.

ഒരാഴ്ചയ്ക്കുള്ളിൽ മുഴുവൻ വിദ്യാർത്ഥികൾക്കും ഫിഷറീസ് ഗ്രാൻഡ് നൽകിയില്ലെങ്കിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ.ഡി തോമസ് അറിയിച്ചു.സമരത്തിൽ പങ്കെടുത്ത പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് സൗത്ത് സ്റ്റേഷനിലെത്തിച്ചശേഷം ജാമ്യത്തിൽ വിട്ടയച്ചു.


അണിചേർന്ന് വഴിയാത്രക്കാരിയും

മത്സ്യതൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ഗ്രാന്റ് നിഷേധത്തിനെതിരായുള്ള സമരത്തിൽ പങ്കെടുത്ത കെ.എസ്.യു പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ വിധവ പെൻഷൻ മുടങ്ങിയെന്നാരോപിച്ച് വഴിയാത്രക്കാരിയും പ്രതിഷേധത്തിന്റെ ഭാഗമായി. ഏതാനും മാസങ്ങളായി വിധവപെൻഷൻ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് നീർക്കുന്നം സ്വദേശിനിയായ തങ്കമണിയാണ് സമരത്തിൽ അണിചേർന്നത്. സിവിൽ സ്റ്റേഷന്റെ മുൻഗേറ്റിൽ കുട്ടികൾക്കൊപ്പം സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി ഒപ്പംചേർന്ന അവർ,​ വിദ്യാർത്ഥികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ജീപ്പിൽ കയറ്റിയതോടെയാണ് പിൻമാറിയത്. ഭർത്താവ് മരിച്ച തന്റെ കുടുംബത്തിന്റെ റേഷൻ കാർഡ് ബി.പി.എൽ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി സിവിൽ സ്റ്റേഷനിലെത്തി മടങ്ങും വഴിയാണ് തങ്കമണിയും പ്രതിഷേധത്തിന്റെ ഭാഗമായത്.