പൊലീസ് കംപ്ലയിന്റ് അതോറിറ്റി ഉത്തരവും അവഗണിച്ചു

ചാരുംമൂട്: നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത കറ്റാനം പള്ളിക്കൽ ബാലഭവനിൽ ബാലമുരളിയെ (38) മർദ്ദിക്കുകയും കള്ളക്കേസിൽപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ പൊലീസ് കംപ്ളയിന്റ് അതോറിട്ടിയുടെ ഉത്തരവ് അവഗണിച്ച് കേസ് ഒതുക്കിയതായി ആക്ഷേപം.വള്ളികുന്നം സി.ഐയായിരുന്ന ബി.അനീഷിനെതിരായ

ഉത്തരവാണ് വള്ളികുന്നം പൊലീസ് അവഗണിച്ചത്.

2018ലായിരുന്നു പരാതിക്കാധാരമായ സംഭവം.നാമജപഘോഷയാത്രയിൽ പങ്കെടുത്തെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത തന്നെ അന്ന് വള്ളികുന്നം എസ്.എച്ച്.ഒയായിരുന്ന അനീഷ് കസ്റ്റഡിയിൽ മർദ്ദിച്ചതായാണ് ബാലമുരളിയുടെ പരാതി. മണിക്കൂറുകളോളം കസ്റ്റഡിയിൽ സൂക്ഷിച്ച് ദേഹോപദ്രവം ഏൽപ്പിച്ചശേഷം കുറത്തികാട് സ്റ്റേഷനിലേക്ക് കൈമാറുകയും 1117/ 18 നമ്പർ കേസിൽ പന്ത്രണ്ടാം പ്രതിയാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നു.ബാലമുരളിയ്ക്കെതിരെ അന്ന് പൊലീസ് ചാ‌ർജ് ചെയ്ത കേസ് ഹൈക്കോടതിയിൽ നൽകിയ ഹ‌ർജിയെ തുടർന്ന് റദ്ദാക്കിയിരുന്നു.

കോടതിയിൽ ഹാജരാക്കിയപ്പോൾ ഡോക്ടറുടെയും മജിസ്ട്രേറ്റിന്റെയും മുന്നിൽ മർദ്ദന വിവരം വെളിപ്പെടുത്തിയതിന്റെ വൈരാഗ്യത്തിൽ കള്ളക്കേസുണ്ടാക്കി തന്നെ സാമൂഹ്യവിരുദ്ധരുടെ പട്ടികയിൽപ്പെടുത്തിയതായും കംപ്ളയിന്റ് അതോറിട്ട് നൽകിയ പരാതിയിൽ ബാലമുരളി വെളിപ്പെടുത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ഐ അനീഷിനെതിരെ ക്രൈം രജിസ്റ്റർ ചെയ്യാൻ അതോറിറ്റി ഉത്തരവിട്ടത്. ഈ ഉത്തരവാണ് കേസെടുക്കാൻ കൂട്ടാക്കാതെ പൊലീസ് അട്ടിമറിച്ചത്. ഇതിനെതിരെ ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകുമെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ബാലമുരളി വെളിപ്പെടുത്തി.