ആലപ്പുഴ: അരൂർ മണ്ഡലത്തിലെ പട്ടണക്കാട്, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അതിർത്തികളിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസനസമിതി. ജില്ലാ കളക്ടർ അലക്സ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എം.എൽ.എമാരായ ദലീമ ജോജോ, തോമസ് കെ.തോമസ് എന്നിവർ പങ്കെടുത്തു.
വെള്ളക്കെട്ട് പരിഹരിക്കുന്നതിനോടൊപ്പം റോഡുകളുടെ സംരക്ഷണഭിത്തി നിർമ്മാണം നടത്തണമെന്നും ദേശീയപാതയിലെ കുഴികൾ മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരം കാണണമെന്നു ദലീമ ജോജോ എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു.
കുട്ടനാട് മണ്ഡലത്തിലെ കാവാലം തട്ടാശ്ശേരി പാലത്തിന്റെ രണ്ടാം ഘട്ട നിർമാണം, പോരൂക്കര- ഗൊവേന്ദ പാലം നിർമ്മാണം എന്നിവ വേഗത്തിലാക്കാൻ തോമസ് കെ.തോമസ് എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കിഫ്‌ബി ധനസഹായത്തോടെ നടപ്പിലാക്കുന്ന കുട്ടനാട് കുടിവെള്ള പദ്ധതിയിൽ നീരേറ്റുപുറം ജലശുദ്ധീകരണശാലയുടെ 30 എം.എൽ.ഡി പ്ലാന്റ് നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണെന്ന് എം.എൽ.എ അറിയിച്ചു.
പുന്നപ്ര തെക്കിൽ കടലാക്രമണം തടയുന്നതിന് ജിയോ ബാഗ് സ്ഥാപിക്കണമെന്നും ദേശീയപാത നിർമ്മാണം, ഡ്രെയിനേജ് സംവിധാനം എന്നിവയിലെ അപാകതകൾ പരിഹരിക്കണമെന്നും കെ.സി വേണുഗോപാൽ എം.പിയുടെ പ്രതിനിധി ആവശ്യപ്പെട്ടു. എ.സി റോഡ് നിർമ്മാണത്തിലെ കാലതാമസം, തോട്ടപ്പള്ളി പൊഴി വീതി കൂട്ടാത്തതുമൂലം കുട്ടനാട്ടിലുണ്ടാകുന്ന വെള്ളപ്പൊക്കം തുടങ്ങിയ വിഷയങ്ങളിൽ നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി ആവശ്യപ്പെട്ടു. യോഗത്തിൽ ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.വി നിത്യ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.