mannar-town

കായംകുളം- തിരുവല്ല സംസ്ഥാന പാതയിൽ മാന്നാർ പരുമലക്കടവ് മുതൽ ചെന്നിത്തല വരെ നീളുന്ന ഈ അപകടക്കുഴികൾക്ക് പരിഹാരമായി ആദ്യ ഘട്ടത്തിൽ, മാന്നാർ കുറ്റിയിൽ ജംഗ്ഷൻ മുതൽ പരുമലക്കടവ് ജംഗ്ഷന് വടക്ക് മുല്ലശ്ശേരിക്കടവ് ഭാഗത്തേക്ക് തിരിയുന്ന റോഡ് വരെ ഒന്നേകാൽ മീറ്റർ വീതിയിൽ മണ്ണ് നിറച്ച് ഇന്റർ ലോക്ക് വിരിക്കുന്ന പ്രവൃത്തികൾ ഓണത്തിന് മുമ്പാണ് ആരംഭിച്ചത്. പൊതു മരാമത്ത് വകുപ്പ് നിരത്തു വിഭാഗം മാന്നാർ സെക്ഷന്റെ മേൽനോട്ടത്തിൽ തൃക്കുരട്ടി ജംഗ്ഷനിൽ ഒന്നേകാൽ മീറ്റർ വീതിയിൽ കുഴിയെടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങവേ ഓണക്കച്ചവടത്തിനെ ബാധിക്കുമെന്നതിനാൽ മർച്ചന്റ്സ് അസോസിയേഷന്റെ അഭ്യർത്ഥന പ്രകാരം ഇന്റർലോക് ജോലികൾ നിറുത്തി വയ്ക്കുകയായിരുന്നു.കുഴികൾ മൂടി ഇന്റർലോക്ക് വിരിക്കുന്ന പ്രവർത്തികൾ ഓണം കഴിയുന്നത് വരെ മാറ്റി വയ്ക്കണമെന്ന് മാന്നാർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അനിൽ എസ്.അമ്പിളി, സെക്രട്ടറി റഷീദ് പടിപ്പുരക്കൽ എന്നിവർ പൊതുമരാമത്ത് വകുപ്പ് ആലപ്പുഴ എക്സിക്യൂട്ടീവ് എൻജിനിയർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രവൃത്തികൾ നിറുത്തി വച്ചത്. വളരെ പ്രതീക്ഷയോടെ ഓണക്കച്ചവടത്തിനായി തയ്യാറെടുത്തിരിക്കുന്ന വ്യാപാരികളെ വിഷമത്തിലാക്കുമെന്നുമായിരുന്നു അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞത്.

..............

# മഴ നിർമ്മാണത്തിന് തടസം

1.മാന്നാർ തൃക്കുരട്ടി ജംഗ്ഷൻ മുതൽ വടക്കോട്ട് ഉള്ള റോഡിന്റെ സൈഡ് ഇന്റർ ലോക്ക് ഇടുന്നതിന് വേണ്ടി ഇളക്കി ഇട്ട ശേഷമായിരുന്നു പണി നിറുത്തി വച്ചത്.

2.ഓണക്കച്ചവടത്തിന്റെ തിരക്കുകൾ കഴിഞ്ഞ് ആഴ്ച്ചകൾ പിന്നിട്ടിട്ടും പണികൾ പൂർത്തിയാക്കാത്തത് മാന്നാർ ടൗണിലെ യാത്രക്കാരെ ഏറെ വലക്കുകയാണ്.

3.ഏറെ തിരക്കേറിയ വീതി കുറഞ്ഞ റോഡിന്റെ ഒരു വശത്ത് കുഴിയെടുത്ത് ഇട്ടിരിക്കുന്നതിനാൽ സൈഡ് കൊടുക്കാൻ കഴിയാതെ വാഹനങ്ങൾ ഏറെ ബുദ്ധിമുട്ടിയാണ്.

4.റോഡിന്റെ പടിഞ്ഞാറ് വശത്തുള്ള കച്ചവട സ്ഥാപനങ്ങളിലേക്ക് എത്തുന്ന ഉപഭോക്താക്കൾക്ക് പാർക്കിംഗ് പ്രശ്നങ്ങളും നേരിടുകയാണ്.

...............

ഏതാനും ദിവസങ്ങൾക്ക് മുമ്പ് പണി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചെങ്കിലും അപ്രതീക്ഷിതമായി എത്തിയ മഴയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമായതെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറയുന്നത്. ഇന്റർ ലോക് വിരിക്കുന്നതിനായി കുഴികളിൽ മെറ്റിൽ വിരിച്ചെങ്കിലും പലയിടത്തും മഴ വെള്ളം കെട്ടിക്കിടക്കുന്നത് നിർമ്മാണത്തിന് തടസസമായി .