ആലപ്പുഴ: ഭാവി വികസന വിഷയങ്ങളിലെ ജനങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും സമാഹരിക്കുന്നതിന് സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സംഘടിപ്പിക്കുന്ന വികസന സദസിന് ജില്ലയിൽ ഇന്ന് തുടക്കമാകും. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിൽ വികസനസദസിന്റെ ജില്ലാതല ഉദ്ഘാടനം ഉച്ചയ്ക്ക് രണ്ടുമണിക്ക് മാർ ഗ്രിഗോറിയോസ് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിക്കും.
തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയുടെ സന്ദേശം, അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രഖ്യാപനം, ഫോട്ടോ പ്രദർശനം, കല, സാംസ്കാരിക, വിദ്യാഭ്യാസ, കായിക, സാമൂഹിക മേഖലകളിലെ വ്യക്തിത്വങ്ങളെ ആദരിക്കൽ, കുടുംബശ്രീ, സാഫ്, പോഷകാഹാര, കാർഷിക ഉത്പ്പന്ന പ്രദർശനങ്ങൾ തുടങ്ങിയവ സദസിന്റെ ഭാഗമായി നടക്കും.

പഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ് അദ്ധ്യക്ഷനാകും. കെ.സി.വേണുഗോപാൽ എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രോഗ്രസ്സ് റിപ്പോർട്ട് പ്രകാശനവും അതിദാരിദ്ര്യ നിർമാർജ്ജന പ്രഖ്യാപനവും ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് ആദരവ് നൽകും. എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടറും വികസന സദസ് കൺവീനറുമായ ബിൻസ്.സി.തോമസ് ജനപ്രതിനിധികളെയും നിർവഹണ ഉദ്യോഗസ്ഥരെയും ആദരിക്കും.
പഞ്ചായത്ത് സെക്രട്ടറി എസ്. സ്മിത തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നേട്ടങ്ങൾ അവതരിപ്പിക്കും. ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.ടി.ഹരീന്ദ്രനാഥ് ഓപ്പൺ ഫോറം നയിക്കും. ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ബി. വിദ്യാനന്ദൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ ഭുവനചന്ദ്രൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.