
ആലപ്പുഴ: പഴവീട്, പാലസ് വാർഡുകളെ വേർതിരിക്കുന്ന കാവിത്തോട്,
മാലിന്യം കാരണം ഒഴുക്ക് നിലച്ച അവസ്ഥയിൽ. മൃഗങ്ങളുടെ അഴുകിയ മൃതശരീരം മുതൽ പ്ലാസ്റ്റിക് മാലിന്യം വരെ അടിഞ്ഞു കൂടിയതോടെ തോടിന്റെ മുന്നോട്ടുള്ള ഗതി തന്നെ കഷ്ടത്തിലാണ്. നീരൊഴുക്ക് നിലച്ചതോടെ അതിരൂക്ഷമായ ദുർഗന്ധവും വമിക്കാൻ തുടങ്ങി. ഇതോടെ പരിസരത്തെ വീട്ടുകാർക്ക് ആഹാരം പോലും കഴിക്കാൻ പറ്റാത്ത സാഹചര്യമാണ്. തുടർച്ചയായ മഴയിൽ പ്രദേശത്തെ വീടുകളിലേക്ക് തോട്ടിലെ മലിനജലം കറയുന്നതും പതിവാണ്. ക്യാൻസർ പോലുള്ള മാരകരോഗങ്ങളാൽ വലയുന്നവരിൽ ഇത് ഭയവും മറ്റുള്ളവരിൽ പകർച്ചവ്യാധി ഭീതിയുമുണർത്തുന്നു.മാലിന്യവാഹിയായ കാവിത്തോട് നഗരഹൃദയത്തോട് ചേർന്നുകിടക്കുന്ന ഒരു പ്രദേശത്തിന്റെ ആകെ ദുരിതമായി മാറിയിട്ടും അധികൃതർ ഉറക്കം നടിക്കുന്നുവെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
മനസുവച്ചാൽ പരിഹാരം
മാലിന്യം പൂർണമായി നീക്കം ചെയ്ത് കാവിത്തോടിന്റെ ആഴംകൂട്ടി നീരൊഴുക്ക് വർദ്ധിപ്പിക്കുക
വല കെട്ടി മാലിന്യം തടഞ്ഞുനിർത്തി ഒഴുകി നടക്കുന്നത് തടയുക
അശാസ്ത്രീയമായി നിർമ്മിച്ച പാലത്തിന്റെ നടുവിലെ കോൺക്രീറ്റ് തൂൺ പൊളിച്ചു മാറ്റി മാലിന്യം കൂടുന്നത് ഒഴിവാക്കുക
നിരവധിത്തവണ നഗരസഭാ അധികൃതർക്ക് പരാതി നൽകിയിട്ടും പരിഹാരം ഉണ്ടായില്ല. ഇതിനെതിരെ സമീപ റെസിഡന്റ്സ് അസോസിയേഷനുകൾ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവരെ അണിനിരത്തി സമരത്തിന് ഒരുങ്ങുകയാണ്
-ഭാരവാഹികൾ, അത്തിത്തറ റെസിഡന്റ്സ് അസോ.