vvv

ഹരിപ്പാട് : അച്ചൻകോവിലാറ്റിൽ ജലനിരപ്പുയർന്നതിനാൽ പള്ളിപ്പാട് ആയിരത്തുംപടവ് പാടശേഖരത്തിൽ മടവീണു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു മടവീഴ്ച. വെള്ളക്കൂടുതൽ കാരണം തിങ്കളാഴ്ചയും മടകെട്ടാൻ കഴിഞ്ഞില്ല. ചാത്തൻതറ ഭാഗത്ത് പാടത്തിന്റെ പുറംബണ്ട് തകർന്ന് വെള്ളം കയറുകയായിരുന്നു.

വലിയനഷ്ടമാണ് പാടശേഖരസമിതിക്കുണ്ടായത്. 180 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ 110 ചെറുകിടകർഷകരുണ്ട്. നവംബറിൽ ഇവിടെ വിതയ്ക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു.

വിതയ്ക്കുന്നതിന് മുമ്പ് പാടത്തെ കളകൾ വളരാൻ അനുവദിച്ചശേഷം നശിപ്പിക്കുന്ന രീതിയാണ് ഇവർ പിന്തുടരുന്നത്. കുട്ടനാട്ടിൽ വിജയകരമായി നടപ്പിലാക്കുന്ന ഈ കൃഷിരീതി കഴിഞ്ഞവർഷങ്ങളിൽ ആയിരത്തുപടവ് പാടത്ത് വലിയവിജയമായിരുന്നു. കഴിഞ്ഞവർഷം ജില്ലയിൽ ഏറ്റവും മികച്ചവിളവുകിട്ടിയ പാടശേഖരങ്ങളിലൊന്നാണിത്. ഇപ്പോൾ പാടത്തെ വെള്ളം പൂർണമായും വറ്റിച്ചിരിക്കുകയായിരുന്നു. ഈ രീതിയിൽ ഏതാനും ദിവസം തുടർന്നശേഷം ഒരുമാസത്തോളം വെള്ളംകയറ്റിയിട്ടാണ് കളകൾ നശിപ്പിക്കുന്നത്. എന്നാൽ, മടവീഴ്ച കർഷകരുടെ കണക്കുകൂട്ടലുകളെല്ലാം തകർത്തു.

വെള്ളംവറ്റിച്ചിട്ട ശേഷമുണ്ടായ മടവീഴ്ച ലക്ഷങ്ങളുടെ ബാദ്ധ്യതയാണ് പാടശേഖരസമിതിക്കുണ്ടാക്കിയത്. ഇവിടെ കരിങ്കൽ ബണ്ടില്ലാത്തതാണ് ഭീഷണി. ഏറെക്കാലം മുമ്പ് നിർമിച്ച മണ്ണുബണ്ടുകളാണ് പള്ളിപ്പാട്ട് ഇന്നുമുള്ളത്. പാടത്തെ വെള്ളംവറ്റിക്കുന്ന സമയത്ത് മഴപെയ്താൽ ബണ്ട് തകർന്ന് വെള്ളംകയറും. കരിങ്കൽ ബണ്ടിനായി പള്ളിപ്പാട്ടെ കർഷകർ പരാതിയും നിവേദനങ്ങളുമായി ബന്ധപ്പെട്ടവരെ സമീപിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.

ലക്ഷങ്ങൾ നഷ്ടം

 ലക്ഷങ്ങൾ ചെലവാക്കിയാണ് പാടത്തെ വെള്ളം വറ്റിച്ചത്. ഇപ്പോൾ പാടത്ത് ആറ്റിലെ നിരപ്പിനൊപ്പം വെള്ളം നിറഞ്ഞിരിക്കുകയാണ്

 മടവീഴ്ചപരിഹരിച്ചശേഷം വീണ്ടും വെള്ളംവറ്റിക്കേണ്ടിവരുന്നത് വലിയസാമ്പത്തികബാദ്ധ്യതയുണ്ടാക്കും

 രണ്ടാഴ്ചയോളം വിതവൈകാനും ഇതുകാരണമാകും. മുമ്പ് വിളവെടുപ്പ് സമയത്ത് വേനൽമഴ വലിയ നാശനഷ്ടമുണ്ടാക്കാറുണ്ടായിരുന്നു

 നേരത്തെ വിതച്ചതോടെയാണ് ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടത്. 2023, 24 വർഷങ്ങളിലും വിതയ്ക്കുന്നതിന് മുൻപ് സമാനരീതിയിൽ മടവീഴ്ചയുണ്ടായി.

ആയിരത്തുംപടവ് ഉൾപ്പെടെയുള്ള പാടശേഖരങ്ങളിൽ എത്രയും വേഗം പുറംബണ്ട് നിർമിക്കണം. മൂന്നാമത്തെ വർഷമാണ് വിതയ്ക്കുന്നതിന് മുമ്പ് മടവീഴുന്നത്. മുൻ വർഷങ്ങളിലെ നഷ്ടപരിഹാരം ഇതുവരെയും കിട്ടിയിട്ടില്ല

- പാടശേഖരസമിതി