ആലപ്പുഴ: നീലമ്പേരൂരിൽ ബഡ്സ് സ്കൂളിലെ ആയ കം കുക്കിന്റെ സ്ഥാനക്കയറ്റവും ഡ്രൈവറെ ആയയാക്കാനുമുള്ള തീരുമാനവും ഒടുവിൽ റദ്ദാക്കി. തീരുമാനത്തോട് പുതിയ സെക്രട്ടറിയും വിയോജിക്കുകയും ഭരണകക്ഷിക്കെതിരെ പ്രതിപക്ഷം 6 നെതിരെ 7യെന്ന കക്ഷിനിലയിൽ സെക്രട്ടറിയെ പിന്തുണയ്ക്കുകയും ചെയ്തതാണ് തീരുമാനം റദ്ദാക്കാനിടയാക്കിയത്.ഇന്നലെ രാവിലെ ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിലെ അജണ്ടയിൽ വിഷയം ഉൾപ്പെട്ടതോടെ തീരുമാനം പുനപരിശോധിക്കുകയോ,​ സർക്കാരിലേക്ക് അയക്കുകയോ വേണമെന്ന് സെക്രട്ടറി നിലപാടെടുത്തപ്പോഴാണ് തീരുമാനം റദ്ദാക്കണമെന്ന് പ്രതിപക്ഷമായ 4 ബി.ജെ.പി അംഗങ്ങളും 3യു.ഡി.എഫ് അംഗങ്ങളും ആവശ്യപ്പെട്ടത്. ഇതിനെ 6 അംഗങ്ങളുള്ള എൽ.ഡി.എഫ് എതിർത്തെങ്കിലും ഭൂരിപക്ഷ തീരുമാനപ്രകാരം സ്ഥാനക്കയറ്റത്തിനുള്ള കഴിഞ്ഞ കമ്മിറ്റിയിലെ തീരുമാനം റദ്ദാക്കുകയായിരുന്നു. താൽക്കാലിക ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകാനോ ഇല്ലാത്ത തസ്തികയിൽ നിയമനം നടത്താനോ സാധിക്കില്ലെന്ന നിലപാടെടുത്തതിനാണ് മുൻ സെക്രട്ടറി നവാസിനെ ഭരണ സമിതി തകഴി പഞ്ചായത്തിലേക്ക് സ്ഥലം മാറ്റിയത്.മൂന്നുവർഷം പൂർത്തിയാക്കും മുമ്പ് സ്ഥലം മാറ്റിയതിനെതിരെ നവാസ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കെയാണ് നിയമന തീരുമാനം പഞ്ചായത്ത് ഭരണസമിതിക്ക് റദ്ദാക്കേണ്ടി വന്നത്.

കഴിഞ്ഞമാസം 22ന് ചേർന്ന പഞ്ചായത്ത് കമ്മിറ്രിയിലാണ് സെക്രട്ടറിയുടെ കസേരതെറിക്കാനിടയാക്കിയ വിഷയം അജണ്ടയായത്. ആയ കം കുക്കിനെ അസി. ടീച്ചറാക്കണമെന്നും ആയ കം കുക്കിന്റെ പകരം നിയമനവുമായിരുന്നു അജണ്ട. സെക്രട്ടറിയായിരുന്ന നവാസ് ഇതിൽ വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും പ്രസിഡന്റിന്റെ കാസ്റ്റിംഗ് വോട്ടോടെ തീരുമാനം പാസാക്കുകയായിരുന്നു.