
കുട്ടനാട് : നാലുവശവും പാടശേഖരത്താൽ ചുറ്റപ്പെട്ട രാമങ്കരി പഞ്ചായത്തിലെ മണലാടി മഠത്തിപ്പറമ്പിലെ താമസക്കാർക്ക് നടന്നുപോകാനൊരു നല്ലവഴിയും ശുദ്ധമായ കുടിവെള്ളവും ഇന്നും സ്വപ്നം മാത്രമാണ്. ഒരു ചെറുനടവഴി മാത്രമാണ് ഇവർക്കുണ്ടായിരുന്നത്. പുഞ്ചകൃഷി കഴിഞ്ഞ് പാടത്ത് വെള്ളം കയറ്റുന്നതോടെ ഈ നടവഴി മുങ്ങും.
അടുത്ത കൃഷിക്ക് വെള്ളം വറ്റിക്കുമ്പോൾ മാത്രമാണ് ഈ നടവഴിയിൽ നിന്നൊന്ന് വെള്ളമിറങ്ങുക. അത്രയും നാളുകൾ വെള്ളം നീന്തി വേണം നടന്നുപോകാൻ.
താമസക്കാരിൽ ആർക്കെങ്കിലും ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടായാൽ നിസ്സഹായരായി നോക്കി നിൽക്കാനേ പ്രദേശവാസികൾക്ക് കഴിയൂ.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി നല്ലൊരു വഴിയുണ്ടാക്കാനായി നടത്തിയ ശ്രമം പിന്നീട് പോലീസ് കേസിൽ കലാശിച്ചതോടെ പ്രദേശവാസികളിൽ പലരും കേസിൽ കുരുങ്ങി ഇതോടെ ഉണ്ടായിരുന്ന നടവഴിയും ഇല്ലാതായായി.
കുട്ടനാട്ടിൽ പുഞ്ചകൃഷി ആരംഭിക്കുന്നതിന്റെ ഭാഗമായി എല്ലാ പാടശേഖരങ്ങളിലും മോട്ടർ സ്ഥാപിച്ച് വെള്ളം വറ്റിക്കുന്ന നടപടികൾക്ക് ആരംഭം കുറിച്ചെങ്കിലും ഇവർക്ക് ചുറ്റുമുള്ള പാടശേഖര സമിതികൾ ഇനിയും അതിനെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ല.
ആകെ ആശ്രയം ആറ്റിലെ വെള്ളം
വഴിയുടെ കാര്യത്തിൽ മാത്രമല്ല കുടിവെള്ളത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല
ഇന്നും പമ്പയാറ്റിലൂടെ ഒഴുകിയെത്തുന്ന മാലിന്യം നിറഞ്ഞ വെള്ളമാണ് ഇവർക്ക് ആശ്രയം
ഇത് തിളപ്പിച്ചാറ്റി ഉപയോഗിച്ചാണ് ഇവർ ദിവസങ്ങൾ തള്ളിനീക്കുന്നത്
എന്നെങ്കിലും ഒരു പരിഹാരം ഉണ്ടാകുമോ എന്നതാണ് പ്രദേശവാസികളുടെ ചോദ്യം
സാമ്പത്തികമായും സാമൂഹ്യമായും വളരെ പിന്നാക്കം നില്ക്കുന്ന നിരവധി കുടുംബങ്ങൾ അധിവസിക്കുന്ന പ്രദേശമായിട്ടുകൂടി ഒന്ന് തിരിഞ്ഞുനോക്കാൻപോലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ ജനപ്രതിനിധികളോ തയ്യാറായിട്ടില്ല
- പ്രദേശവാസികൾ