thottumukhapp

മാന്നാർ : മാലിന്യംനിറഞ്ഞും കൈയേറ്റത്തിൽ മെലിഞ്ഞും ദുരവസ്ഥയിലായ മാന്നാർ തോട്ടുമുഖപ്പ് –കോയിക്കൽ ഭാഗം തോട് പുനരുജ്ജീവനത്തിനായി കാത്തിരിക്കുന്നു. മാന്നാർ പഞ്ചായത്തിലെ 5, 6, 7, 16, 17 വാ‍ർഡുകളിലൂടെ ഒഴുകിയിരുന്ന പുരാതനമായ തോട്ടുമുഖപ്പ് കോയിക്കൽ ഭാഗം തോടിന്റെ നവീകരണത്തിന് മന്ത്രി സജി ചെറിയാന്റെ ശ്രമഫലമായി കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി ഇറിഗേഷൻ വിഭാഗം 4.92 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ച് ചെറുകിട ജലസേചന വകുപ്പ് പദ്ധതിയുടെ തുടർനടപടികൾ നടത്തിവരികയാണ്. മാന്നാർ കേന്ദ്രമായി പ്രവർത്തിക്കുന്ന സാമൂഹ്യ, പരിസ്ഥിതി സംഘടനയായ മിലൻ 21ന്റെ നിരന്തര ഇടപെടലുകളാണ് പദ്ധതിക്ക് അടിത്തറ പാകിയത്.

മാലിന്യ വാഹിനിയായ തോട്ടുമുഖപ്പ് - കോയിക്കൽതോടിന്റെ നവീകരണത്തിന് ടെണ്ടർ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മിലൻ 21 ന്റെ നേതൃത്വത്തിൽ റീച്ച് യോഗങ്ങൾക്ക് തുടക്കം കുറിച്ചു. എം.എ.ഷുക്കൂറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ആധുനിക ക്രാഫ്റ്റ് വില്ലേജ് എന്ന ആശയം നടപ്പാക്കുന്നതിന്റെ തുടക്കമായിട്ടുള്ള തോട് നവീകരണത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഗ്രീൻ കോർപ്സ് കോർഡിനേറ്റർ ബൈജു വി.പിള്ള ജലജന്യ രോഗ പ്രതിരോധത്തെക്കുറിച്ച് ക്ലാസ്സെടുത്തു. മിലൻ 21 ചെയർമാൻ പി.എ.എ.ലത്തീഫ്, ജനറൽ സെക്രട്ടറി ഡോ.ഒ.ജയലക്ഷ്മി, കെ.പി.സീനത്ത്, പി.ബി.സലാം, എൻ.പി.അബ്ദുൽ അസീസ്, പ്രേമലത, ശ്രീകുമാരി, ഇക്ബാൽ മൗലവി എന്നിവർ സംസാരിച്ചു.

 മിക്കയിടത്തും മാലിന്യം നിറഞ്ഞ് തോട്ടിലെ നീരൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്

 6മീറ്റർ വരെ വീതിയുണ്ടായിരുന്ന തോട് കയ്യേറ്റത്തിന്റെ പിടിയിലായി ശോഷിച്ച് നാശത്തിന്റെ വക്കിലായി

 പമ്പാനദിക്കും അച്ചൻ കോവിലാറിനും മദ്ധ്യേയുള്ളതാണ് 4.5 കിലോമീറ്റർ ദൈർഘ്യംവരുന്ന പുരാതനമായ തോട്ടുമുഖപ്പ് കോയിക്കൽ ഭാഗം തോട്

 പാരിസ്ഥിതിക സന്തുലനാവസ്ഥയും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും അടിയന്തിര ഇടപെടൽ വേണമെന്ന് സോഷ്യൽ, ടെക്നിക്കൽ സർവേ റിപ്പോർട്ട്

 ഈ റിപ്പോർട്ട് മിലൻ 21 മന്ത്രി സജിചെറിയാന് കൈമാറിയതോടെയാണ് തോടിന്റെ പുനരുജ്ജീവനത്തിനുള്ള സാദ്ധ്യത തെളിഞ്ഞത്

തോട് മാലിന്യമുക്തമാക്കി നവീകരിക്കുകയും 500-ലേറെ കുടുംബങ്ങൾ അധിവസിക്കുന്ന ഭൂപ്രദേശം ഒരു ക്രാഫ്റ്റ് വില്ലേജാക്കി സ്വയംപര്യാപ്‌ത ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള രൂപരേഖയും പദ്ധതി തയ്യാറാക്കുകയും ചെയ്യുന്നതിനായി മിലൻ 21ന്റെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് 'ഹരിത പമ്പാ നീർത്തടം' പദ്ധതിയിൽ തോട് നവീകരണ സർവേ നടത്തിയത്

- മിലൻ 21 പ്രവർത്തകർ