water

തുറവൂർ: മാസങ്ങൾക്ക് മുമ്പ് അറ്റകുറ്റപ്പണി നടത്തിയ ജപ്പാൻ കുടിവെള്ള പൈപ്പിൽ

വീണ്ടും ചോർച്ച. തൈക്കാട്ടുശ്ശേരി പാലത്തിന് പടിഞ്ഞാറ് അപ്രോച്ച് റോഡ് തുടങ്ങുന്ന ഭാഗത്തെ വളവിലാണ് വീണ്ടും പൈപ്പ് പൊട്ടിയത്. ഒന്നര മാസം മുമ്പുണ്ടായ ചോർച്ച ദിവസങ്ങളുടെ അറ്റകുറ്റപ്പണികൾക്കൊടുവിലാണ് പരിഹരിച്ചത്.

തുറവൂർ തൈക്കാട്ടുശ്ശേരി റോഡിലെ ഗതാഗതം പൂർണമായും തടഞ്ഞാണ് ജല അതോറിട്ടി അന്ന് അറ്റകുറ്റപ്പണി പൂർത്തിയാക്കിയത്.

മാക്കേ കവലയിലെ ജലശുദ്ധീകരണശാലയിൽ നിന്ന് അരൂർ - ചേർത്തല പഞ്ചായത്തുകളിലെ ജലസംഭരണികളിലേക്ക് വെള്ളമെത്തിക്കുന്ന കൂറ്റൻ എച്ച്.ഡി പൈപ്പ് ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്. ഉയരപ്പാത നിർമ്മാണം നടക്കുന്നതിനാൽ ഭാരമേറിയ വാഹനങ്ങൾ ഇതുവഴിയാണ് കടന്നുപോകുന്നത്.

അതുകാരണം ഉണ്ടാകുന്ന സമ്മർദ്ദമാണ് പൈപ്പ് അടിക്കടി പൊട്ടാൻ കാരണമെന്നാണ് വാട്ടർ അതോറിട്ടി അധികൃതർ നൽകുന്ന വിശദീകരണം.

ഗുണനിലവാരമുള്ള പൈപ്പ് ഉപയോഗിച്ച് ചെയ്യേണ്ട പദ്ധതിയിൽ അഴിമതിയുണ്ടെന്ന് നേരത്തെതന്നെ ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ,​ പലതവണ ചോർച്ച ഉണ്ടായിട്ടും ശാശ്വത പരിഹാരം കാണാൻ അധികൃതർ തയ്യാറാകാത്തതിന്റെ പ്രതിഷേധത്തിലാണ് നാട്ടുകാർ. സമ്മർദ്ദമേൽക്കാത്ത വിധത്തിൽ കോൺക്രീറ്റ് ചെയ്താൽ പ്രശ്നം പരിഹരിക്കാവൂന്നതേയുള്ളൂവെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ദ്ധർ പറയുന്നത്.

വഴിയിലെ ഗർത്തം വലിയ ദുരിതം

# അടിക്കടിയുള്ള പൈപ്പ് പൊട്ടലിലൂടെ റോഡിലുണ്ടായ ഗർത്തം വാഹന യാത്രക്കാർക്ക് വലിയ ദുരിതമാകുന്നുണ്ട്

# റോഡിലെ ഗർത്തങ്ങളിൽ വീണ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവവമായി മാറിയിരിക്കുകയാണ്

# ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ