
ആലപ്പുഴ: നവരാത്രി ആഘോഷങ്ങൾക്ക് നിറമേകി കഞ്ഞിക്കുഴി എസ്.എൽ പുരം മുല്ലശേരി വീട്ടിൽ ബൊമ്മക്കൊലു ഒരുങ്ങി. നവഗ്രഹങ്ങൾ, വിശ്വരൂപം, പാലാഴിമഥനം, കാളിയമർദ്ദനം, രാംലാല്ല, അഷ്ടലക്ഷ്മി, ദശാവതാരം, ലക്ഷ്മി നരസിംഹം, ശിവകുടുംബം എന്നിങ്ങനെ 200 ഓളം ദേവീ, ദേവന്മാരുടെ പ്രതിമകളാണ് സന്തോഷ് മുല്ലശേരി വീട്ടിൽ ഡോ.വർഷ സന്തോഷ് ഒരുക്കിയിരിക്കുന്നത്.നാലുവർഷം മുമ്പാണ് സന്തോഷും വർഷയും അമ്മ കനകപ്രഭയും നാട്ടിലെത്തിയത്.അന്നുമുതൽ എല്ലാവർഷവും മുടങ്ങാതെ ബൊമ്മക്കൊലുഒരുക്കും.ബൊമ്മക്കൊലു കാണാൻ നിരവധിയാളുകളാണ് മുല്ലശേരി വീട്ടിലെത്തുന്നത്. ഏഴുപടികളിലായാണ് ആയുർവേദ ഡോക്ടറായ വർഷ ബൊമ്മക്കൊലു ഒരുക്കിയിരിക്കുന്നത്.കൂടാതെ നിരവധി കുട്ടികൾക്ക് ഭഗവത്ഗീത അടക്കമുള്ള ക്ലാസുകളുമെടുക്കുന്നുണ്ട് വർഷ.
നവരാത്രി ആഘോഷങ്ങളുടെ ആദ്യ ദിനത്തിൽ മരത്തടികൾ അടുക്കി വച്ചാണ് പടികൾ (കൊലു) ഒരുക്കുക. 3,5,7,9, 11 എന്നിങ്ങനെയാണ് പൊതുവേ പടികളുടെ എണ്ണം. ഇവയിൽ ദേവീ, ദേവന്മാരുടെ പാവകൾ നിരത്തും.പരമാവധി പ്ലാസ്റ്റിക് ഒഴിവാക്കി കളിമണ്ണ് കൊണ്ടുള്ള പ്രതിമകളാണ് വയ്ക്കുന്നത്.മഹിഷാസുര മർദ്ദനത്തിൽ ക്ഷുഭിതയായ ദേവിയുടെ കോപം ശമിപ്പിക്കുന്നതിനാണ് കൊലു ഒരുക്കുന്നതെന്നാണ് ഐതീഹ്യം.