p

ന്യൂഡൽഹി: വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ന്യൂനപക്ഷ സ്‌കൂളുകളെ ഒഴിവാക്കിയ 2014ലെ വിധി പുനഃപരിശോധിക്കാൻ സുപ്രീംകോടതി. വിഷയം ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരുൾപ്പെട്ട ബെഞ്ച് അഞ്ചംഗ ഭരണഘടന ബെഞ്ചിന് വിട്ടു. വിധി ദുരുപയോഗിക്കപ്പെടുന്ന സാഹചര്യമുണ്ടെന്ന ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ റിപ്പോർട്ട് കോടതിക്ക് മുന്നിലെത്തിയിരുന്നു. റിപ്പോർട്ട് ആശങ്കപ്പെടുത്തുന്നതാണെന്ന് രണ്ടംഗബെഞ്ച് നിരീക്ഷിച്ചു. അറിയാതെയാണെങ്കിലും, സാർവത്രിക പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അടിത്തറയെ വിധി അപകടത്തിലാക്കി. സ്‌കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടിനെ ദുർബലമാക്കി. ജാതി, മതം, വർഗം, സമൂഹം എന്നീ വേർതിരിവുകളില്ലാതെ കുട്ടികൾ നീങ്ങേണ്ട സ്ഥാനത്ത് വിധി വിഭജനസാദ്ധ്യതകൾ തുറന്നിട്ടെന്നും കൂട്ടിച്ചേർത്തു.