s

ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബറിലും നവംബറിലുമായി മൂന്ന് ഘട്ടങ്ങളിലായി നടത്തുമെന്ന് സൂചന. നിലവിലെ നിയമസഭയുടെ കാലാവധി നവംബർ 22ന് അവസാനിക്കും. അതിനു മുൻപ് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം. ദീപാവലി,​ ഛത്ത് പൂജ തുടങ്ങിയ ഉത്സവങ്ങൾ കൂടി കണക്കിലെടുത്താകും വോട്ടെടുപ്പ് തീയതികൾ അന്തിമമാക്കുക. 2020ലും മൂന്നു ഘട്ടമായിട്ടായിരുന്നു തിരഞ്ഞെടുപ്പ്. 243 അംഗ നിയമസഭയിൽ നിലവിൽ എൻ.ഡി.എയ്‌ക്ക് 131 അംഗങ്ങളുണ്ട്. 'ഇന്ത്യ' മുന്നണിക്ക് 111 എം.എൽ.എമാരും.

ബന്ത് സമാധാനപരം

രാഹുൽഗാന്ധി നയിച്ച വോട്ടർ അധികാർ യാത്രയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മാതാവിനെയും അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് ബീഹാറിൽ എൻ.ഡി.എ ആഹ്വാനം ചെയ്‌ത ബന്ദ് സമാധാനപരം. ഇന്നലെ രാവിലെ 7 മുതൽ ഉച്ചയ്‌ക്ക് 12 വരെയായിരുന്നു ബന്ത്. എൻ.ഡി.എയിലെ വനിത പ്രവർത്തകരാണ് പ്രതിഷേധ പ്രകടനങ്ങൾക്ക് നേതൃത്വം നൽകിയത്. പാട്നയിലും പ്രധാന നഗരങ്ങളിലും വനിതാ പ്രവർത്തകർ തെരുവിലിറങ്ങി.