
ന്യൂഡൽഹി: അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ അടക്കം രാജ്യവ്യാപക തീവ്ര വോട്ടർപ്പട്ടിക പുതുക്കൽ വേണമെന്ന ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർണായക യോഗം ബുധനാഴ്ച നടക്കാനിരിക്കെയാണിത്. അഭിഭാഷകനും ബി.ജെ.പി നേതാവുമായ അശ്വനി കുമാർ ഉപാദ്ധ്യായ ആണ് ഹർജിക്കാരൻ.
കേരളത്തിൽ അവസാനമായി തീവ്ര വോട്ടർപ്പട്ടിക പുതുക്കൽ നടപടിയുണ്ടായത് 2022ലാണ്. പശ്ചിമബംഗാളിലും പുതുച്ചേരിയിലും 2002ലും, അസാമിലും തമിഴ്നാട്ടിലും 2005ലും. തിരഞ്ഞെടുപ്പ് നടപടികളുടെ സംശുദ്ധിയും വിശ്വാസ്യതയും സംരക്ഷിക്കാൻ നടപടി അനിവാര്യമാണെന്നും ഹർജിയിൽ പറയുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.
ബീഹാറിലെ തീവ്ര വോട്ടർപ്പട്ടിക നടപടികളുടെ സുതാര്യതയും വിശ്വാസ്യതയും ചോദ്യംചെയ്‌ത് പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയമായും നിയമപരമായും പോരാട്ടം നടത്തുന്നതിനിടെയാണ് ബുധനാഴ്ചത്തെ ഡൽഹിയിലെ നിർണായക തിരഞ്ഞെടുപ്പ് കമ്മിഷൻ യോഗം. എല്ലാ സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണപ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർ യോഗത്തിൽ പങ്കെടുക്കും. രാജ്യവ്യാപക വോട്ടർപ്പട്ടിക പുതുക്കൽ ആണ് അജൻഡയെന്ന് അഭ്യൂഹമുണ്ട്. ഓഫീസർമാർ വിശദവിവരങ്ങളും മുന്നൊരുക്കങ്ങളും അവതരിപ്പിക്കും.