
ബി.ജെ.ഡിയും ബി.ആർ.എസും വിട്ടു നിൽക്കും
ജയം ഉറപ്പിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി സി.പി. രാധാകൃഷ്‌ണൻ
ന്യൂഡൽഹി: ഇന്ത്യയുടെ 15ാ-മത് ഉപരാഷ്ട്രപതിയെ ഇന്ന് തിരഞ്ഞെടുക്കും. എൻ.ഡി.എ സ്ഥാനാർത്ഥി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്‌ണനും, 'ഇന്ത്യ' മുന്നണി സ്ഥാനാർത്ഥി ജസ്റ്റിസ് ബി. സുദർശൻ റെഡ്‌ഡിയുമാണ് . സി.പി. രാധാകൃഷ്‌ണൻ വിജയം ഉറപ്പിച്ച
നിലയിലാണ്.
ഏഴ് എം.പിമാരുള്ള ബി.ജെ.ഡിയും, നാലംഗങ്ങളുള്ള ബി.ആർ.എസും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കും.ഒഡിഷയുടെ വികസനത്തിനാണ് ഊന്നലെന്ന് ബി.ജെ.ഡി വ്യക്തമാക്കിയപ്പോൾ, തെലങ്കാനയിലെ യൂറിയ ക്ഷാമം കാരണം കർഷകർ അനുഭവിക്കുന്ന വേദന പ്രകടിപ്പിക്കാനാണ് വിട്ടുനിൽക്കുന്നതെന്ന് ബി.ആർ.എസ് അറിയിച്ചു. പഞ്ചാബിലെ പ്രളയബാധിത മേഖലകൾ ഇന്ന് സന്ദർശിക്കുന്നതിനാൽ മോദി ആദ്യ വോട്ട് ചെയ്യും.2022ൽ 528 വോട്ടു നേടിയാണ് ജഗ്‌ദീപ് ധൻകർ ഉപരാഷ്ട്രപതിയായത്. എന്നാലിത്തവണ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ വോട്ട് 500 കടന്നേക്കില്ലെന്നാണ് സൂചന. 100ൽപ്പരം വോട്ടിന്റെ കുറവുണ്ടായേക്കും.
അട്ടിമറിയും ചോർച്ചയും
തടയാൻ ജാഗ്രത
രഹസ്യ ബാലറ്റായതിനാൽ പാർട്ടി വിപ്പ് ബാധകമല്ല. മന:സാക്ഷി വോട്ട് ചെയ്യാം. ക്രോസ് വോട്ടിംഗ് മറികടക്കാൻ ഇരുമുന്നണികളും അവസാന നിമിഷവും ജാഗ്രതയിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി എൻ.ഡി.എ എം.പിമാർക്കും,കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രതിപക്ഷ എം.പിമാർക്കും ഇന്നലെ നിശ്ചയിച്ചിരുന്ന അത്താഴ വിരുന്ന് റദ്ദാക്കി. പഞ്ചാബിലടക്കം മഴക്കെടുതികൾ രൂക്ഷമായ സാഹചര്യത്തിലാണിത്.
നടപടിക്രമം:
1.പാർലമെന്റ് മന്ദിരത്തിലെ ഒന്നാം നിലയിലെ വസുധ എഫ് - 101 മുറിയിലാണ്
രാവിലെ 10 മുതൽ വൈകട്ട് 5 വരെ വോട്ടെടുപ്പ്.
2.ആറു മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ഇന്നു തന്നെ ഫലം പ്രഖ്യാപിക്കും.
ഭൂരിപക്ഷത്തിന്
വേണ്ടത് 391 വോട്ട്
പാർലമെന്റിലെ ഇരുസഭകളിലെയും അംഗങ്ങൾ ഉൾപ്പെടുന്ന ഇലക്‌ടറൽ കോളേജാണ് രഹസ്യബാലറ്റിലൂടെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.
ഒരു എം.പിമാർ വീതമുള്ള അകാലിദൾ, മേഘാലയയിലെ വോയ്സ് ഓഫ് പീപ്പിൾ പാർട്ടി, മിസോറമിലെ സോറം പീപ്പിൾസ് മൂവ്മെന്റ്, മൂന്ന് സ്വതന്ത്രന്മാർ എന്നിവർ പിന്തുണ ആർക്കെന്ന് വ്യക്തമാക്കിയിട്ടില്ല.
ഇലക്‌ടറൽ കോളേജിൽ നിലവിൽ 781 എം.പിമാർ. ലോക്‌സഭ - 542, രാജ്യസഭ- 239. ഭൂരിപക്ഷത്തിന് വേണ്ടത് 391 വോട്ട്.
എൻ.ഡി.എയ്‌ക്ക് മാത്രം 422 എം.പിമാർ.11 എം.പിമാരുള്ള വൈ.എസ്.ആർ കോൺഗ്രസിന്റെ പിന്തുണയുമുണ്ട്. 433 വോട്ട് ഉറപ്പിച്ചു
'ഇന്ത്യ' മുന്നണി പ്രതീക്ഷിക്കുന്നത് 300-324 വോട്ടുകൾ