
ന്യൂഡൽഹി: നേപ്പാളിൽ ആഭ്യന്തര കലാപത്തെത്തുടർന്ന് രാജിവച്ച കെ.പി.ശർമ്മ ഓലിയുടെ പിൻഗാമിയെ കണ്ടെത്താനുള്ള ചർച്ചകൾ അനിശ്ചിതത്വത്തിൽ. പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെട്ട സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയെ ഒരുവിഭാഗം പ്രക്ഷോഭകർക്ക് താത്പര്യമില്ലാത്തതാണ് കാരണം. നേപ്പാളിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കിയ 54കാരൻ കുൽമാൻ ഘിസിംഗിന്റെ പേരാണ് ഇപ്പോൾ ഉയർന്നുകേൾക്കുന്നത്.
മുൻ ജഡ്ജിമാർ പ്രധാനമന്ത്രിയാകുന്നത് ഭരണഘടന അനുവദിക്കുന്നില്ലെന്നും 73 വയസുള്ള കർക്കിയെക്കാൾ യോഗ്യനായ ഒരാളെ തിരഞ്ഞെടുക്കണമെന്നുമാണ് ഒരുവിഭാഗം പ്രക്ഷോഭകരുടെ വാദം. സുപ്രീംകോടതി ബാർ അസോസിയേഷൻ സെക്രട്ടറിയായ സുശീല കർക്കിക്ക്, പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ച കാഠ്മണ്ഡു മേയർ ബാലേന്ദ്ര ഷാ പിന്തുണ പ്രഖ്യാപിച്ചിരുന്നു. തനിക്ക് പ്രധാനമന്ത്രിയാകാൻ താത്പര്യമില്ലെന്നും ഷാ പറഞ്ഞു.
നേപ്പാൾ വൈദ്യുതി അതോറിട്ടിയുടെ(എൻ.ഇ.എ) മുൻ ചെയർമാനായ കുൽമാൻ രാജ്യത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിച്ച എൻജിനിയർ എന്ന നിലയിൽ പ്രശസ്‌തനാണ്. രാഷ്‌ട്രീയ പശ്‌ചാത്തലമില്ലാത്ത കുൽമാൻ, നേപ്പാളിനെ നയിച്ചാൽ അഴിമതി അടക്കം പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന് ഒരു വിഭാഗം പ്രക്ഷോഭകർ വാദിക്കുന്നു.
നേപ്പാളിലെ രെമേചാപ് ജില്ലയിൽ ബേതാൻ ഗ്രാമത്തിൽ പാവപ്പെട്ട കുടുംബത്തിൽ ജനിച്ചയാളാണ് കുൽമാൻ. ജംഷഡ്പൂരിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബി.ടെക്കും കാഠ്മണ്ഡു പുൽചൗക്ക് എൻജിനിയറിംഗ് കോളേജിൽ നിന്ന് പവർ സിസ്റ്റംസിൽ എം.ടെക്കും നേപ്പാളിലെ പൊഖാറ സർവകലാശാലയിൽ നിന്ന് എം.ബി.എയും നേടിയ അദ്ദേഹം 1994ലാണ് എൻ.ഇ.എല്ലിൽ ചേരുന്നത്. 2016ൽ എം.ഡിയായി നിയമിതനായ ശേഷം നേപ്പാളിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടു.
പരസ്‌പരം ഏറ്റുമുട്ടി പ്രക്ഷോഭകർ
ഇടക്കാല സർക്കാരിന്റെ പേരിൽ പരസ്പരം ഏറ്റുമുട്ടി യുവജന (ജെൻ-സി) പ്രക്ഷോഭകർ. ഇന്നലെ കാഠ്മണ്ഡുവിലെ സൈനിക ആസ്ഥാനത്തിന് പുറത്താണ് യുവജന പ്രക്ഷോഭകർ തമ്മിൽത്തല്ലിയത്. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കാർകിയേയും കാഠ്മണ്ഡു മേയർ ബാലേൻ ഷായേയും അനുകൂലിക്കുന്നവർ തമ്മിലാണ് ഏറ്റുമുട്ടിയത്. സൈന്യം ഏറെ പണിപ്പെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
സമൂഹ മാദ്ധ്യമ വിലക്കിനെതിരെയും അഴിമതിക്കെതിരെയും തിങ്കളാഴ്ച യുവജനങ്ങൾ നടത്തിയ പ്രക്ഷോഭം കലാപമായി ആളിക്കത്തിയതോടെ സർക്കാർ നിലംപതിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. 1300ലേറെ പേർക്ക് പരിക്കേറ്റു. നിലവിൽ സൈന്യത്തിന്റെ സുരക്ഷാ നിയന്ത്രണത്തിലാണ് രാജ്യം.
നഷ്ടം 20,000 കോടി
തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ഏകദേശം 20,000 കോടിയിലേറെ നേപ്പാളീസ് രൂപയുടെ പൊതുമുതലാണ് പ്രക്ഷോഭകർ നശിപ്പിച്ചത്. വിലമതിക്കാനാകാത്ത ചരിത്രരേഖകളും സ്മാരകങ്ങളും കത്തിയമർന്നെന്നും നഗര വികസന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ജയിൽ ചാടിയവർ ഇന്ത്യൻ അതിർത്തിയിൽ
നേപ്പാൾ സംഘർഷത്തിനിടെ ജയിൽ ചാടി അതിർത്തി കടക്കാൻ ശ്രമിച്ച 60 പേരെ ഇന്ത്യൻ അതിർത്തിയിൽ പിടികൂടി. യു.പി, ബീഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ അതിർത്തിയിൽ നിന്നാണ് രണ്ടുദിവസങ്ങളിലായി സുരക്ഷാ സേനയായ 'സശസ്ത്ര സീമ ബൽ" (എസ്.എസ്.ബി) പിടികൂടിയത്. നേപ്പാളിലെ ജയിലുകളിൽ നിന്ന് 15,000ത്തോളം തടവുകാരാണ് രക്ഷപ്പെട്ടത്.