ന്യൂഡൽഹി: സെപ്‌തംബർ 20ന് പമ്പാതീരത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്ന പൊതുതാത്പര്യഹർജിയിൽ സുപ്രീംകോടതിയിൽ നാളെ അടിയന്തരമായി വാദം . ഹർജിക്കാരനായ ഡോ. പി.എസ്. മഹേന്ദ്രകുമാറിന്റെ അഭിഭാഷകൻ എം.എസ്. വിഷ്‌ണുശങ്കർ ഇന്നലെ ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്റ്രിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിൽ വിഷയം ശ്രദ്ധയിൽപ്പെടുത്തി. രാഷ്ട്രീയ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയാണ്. പരിസ്ഥിതി ദുർബല പ്രദേശത്താണ് സംഗമം. ഹരിത ട്രൈബ്യൂണൽ അടക്കം നിഷ്‌ക്കർഷിച്ചിട്ടുള്ള നിയന്ത്രണങ്ങൾ സർക്കാർ കണക്കിലെടുത്തിട്ടില്ല. അടിയന്തരമായി വാദം കേൾക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. ശനിയാഴ്ചയാണ് പരിപാടിയെന്ന് അറിയിച്ചതോടെ നാളെ അടിയന്തര സ്വഭാവത്തോടെ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു. സർക്കാരും തിരുവിതാംകൂർ ദേവസ്വം ബേോർഡും ഹർജിയെ ശക്തമായി എതിർക്കും. ആഗോള അയ്യപ്പ സംഗമം നടക്കട്ടെയെന്ന നിലപാടാണ് കേരള ഹൈക്കോടതി സ്വീകരിച്ചിരുന്നത്. തുടർന്നാണ് ഡോ.പി.എസ്. മഹേന്ദ്രകുമാർ സുപ്രീംകോടതിയെ സമീപിച്ചത്. മറ്റൊരു ഹർജിക്കാരനായ വി.സി. അജികുമാറും ഹർജി സമർപ്പിച്ചു.