
ന്യൂഡൽഹി: മാസപ്പടിക്കേസിലെ പ്രോസിക്യൂഷൻ നടപടികൾ സ്റ്റേ ചെയ്യണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.എം.ആർ.എൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി മാറ്റി. ഒക്‌ടോബർ 28, 29 തീയതികളിൽ വാദം കേൾക്കും. കേസ് നേരത്തെ പരിഗണിച്ചിരുന്ന ജസ്റ്റിസ് ഗിരീഷ് കത്പാലിയയുടെ ബെഞ്ചിന് പകരം ജസ്റ്റിസ് നീന ബെൻസാൽ കൃഷ്‌ണയുടെ ബെഞ്ചിന് മുന്നിലാണ് ഇന്നലെ ലിസ്റ്റ് ചെയ്‌തിരുന്നത്. കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് സി.എം.ആർ.എൽ ആവശ്യപ്പെട്ടതിനെ, നീട്ടിക്കൊണ്ടു പോകാനാണ് ശ്രമമെന്നു പറഞ്ഞ് എസ്.എഫ്.ഐ.ഒ എതിർത്തു. ഇതോടെയാണ് ഒക്ടോബറിൽ തുടർച്ചയായി രണ്ടു ദിവസം വാദംകേൾക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.