
ന്യൂഡൽഹി: ഇന്നലെ ഡൽഹിയിലെ വിഗ്യാൻ ഭവനിലെ ദേശീയ ചലച്ചിത്ര പുരസ്‌ക്കാര വിതരണ ചടങ്ങിലെ മിന്നും സാന്നിദ്ധ്യമായിരുന്നു ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ. 'ജവാൻ' സിനിമയിലെ അഭിനയത്തിനാണ് കിംഗ് ഖാനെ ബഹുമതി തേടിയെത്തിയത്. താരമെത്തിയപ്പോൾ തന്നെ ആരാധകർ ഉത്സാഹത്തിലായി. പുരസ്‌ക്കാരം ഏറ്റുവാങ്ങിയപ്പോഴും നിറഞ്ഞ കയ്യടി. ട്വൽത്ത് ഫെയിൽ സിനിമയിലെ നായകൻ വിക്രാന്ത് മാസെയും മികച്ച നടൻ പുരസ്‌ക്കാരം പങ്കിട്ടു. റാണി മുഖർജി (മിസിസ് ചാറ്റർജി വേഴ്സസ് നോർവേ) മികച്ച നടിക്കുള്ള പുരസ്‌ക്കാരം രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് സ്വീകരിച്ചു. ദ കേരളാ സ്റ്റോറി സംവിധാനം ചെയ്‌ത സുധീപ്‌തോ സെൻ മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം ഏറ്റുവാങ്ങി.