
ന്യൂഡൽഹി: ഡൽഹിയിൽ മോഷണക്കുറ്റമാരോപിച്ച് മലയാളി വിദ്യാർത്ഥികൾക്ക് അതിക്രൂര മർദ്ദനം. സാക്കിർ ഹുസൈൻ ഡൽഹി കോളേജിലെ ഒന്നാംവർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികളായ കോഴിക്കോട് സ്വദേശി അശ്വന്ത്.ഐ.ടി, കാസർകോട് സ്വദേശി സുധിൻ.കെ എന്നിവരെയാണ് അക്രമി സംഘവും പൊലീസും ചേർന്ന് മർദ്ദിച്ചത്. ഉടുത്തിരുന്ന മുണ്ട് പറിച്ചെറിഞ്ഞെന്നും ഹിന്ദിയിൽ സംസാരിക്കാത്തതിന് മുഖത്ത് ചവിട്ടിയെന്നും വിദ്യാർത്ഥികൾ ഡൽഹി പൊലീസ് കമ്മിഷണർക്കും ദേശീയ മനുഷ്യാവകാശ കമ്മിഷനും നൽകിയ പരാതിയിൽ പറയുന്നു.
ബുധനാഴ്ച രാത്രി ചെങ്കോട്ടയ്‌ക്ക് സമീപത്തെ മാർക്കറ്റിൽ വച്ചാണ് സംഭവം. രാത്രി ഏഴോടെ ഒരാൾ ആപ്പിൾ വാച്ചും ഫോണും വിൽപ്പനയ്‌ക്കെന്ന മട്ടിൽ അടുത്തുവന്നു. വേണ്ടെന്ന് പറഞ്ഞൊഴിഞ്ഞെങ്കിലും അഞ്ചുമിനിട്ട് കഴിഞ്ഞ് ആറോളം പേരുമായി അയാൾ മടങ്ങിവന്ന് ഫോൺ മോഷ്‌ടിച്ചെന്നാരോപിച്ച് മർദ്ദിച്ചു. അവിടെയുണ്ടായിരുന്ന പൊലീസുകാരനോട് പരാതിപ്പെട്ടെങ്കിലും അക്രമിസംഘത്തോടൊപ്പം ചേർന്ന് മർദ്ദിച്ചതായി വിദ്യാർത്ഥികൾ പറയുന്നു. ഇതിനിടെ വിദ്യാർത്ഥികളുടെ ഫോണുകൾ സംഘം കൈക്കലാക്കി.
കോളറിൽ പിടിച്ചു വലിച്ചിഴച്ചു
തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരോട് കാര്യം പറയാൻ ശ്രമിച്ചെങ്കിലും കേൾക്കാൻ തയ്യാറായില്ലെന്നും അവിടെയും മർദ്ദനം തുടർന്നെന്നും അശ്വന്ത് പറഞ്ഞു. സുധിനെയും അവിടേക്കെത്തിച്ച് നാട്ടുകാരുടെ മുന്നിൽ വച്ചു തല്ലി. നാട്ടുകാർ കോളറിൽ പിടിച്ചു വലിച്ചിഴച്ചു. ഹിന്ദി വശമില്ലാത്തതിനാൽ ഇംഗ്ലീഷിൽ സംസാരിച്ചപ്പോൾ പൊലീസ് ഫൈബർ ലാത്തി ഉപയോഗിച്ച് മർദ്ദിച്ചു. സ്വകാര്യഭാഗങ്ങളിൽ ഉൾപ്പെടെ അടിയേറ്റെന്നും കോളേജിലെ സീനിയേഴ്സ് എത്തിയാണ് പൊലീസുമായി സംസാരിച്ച് മോചിപ്പിച്ചതെന്നും വിദ്യാർത്ഥികൾ പറയുന്നു. പരിക്കേറ്റ വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എം.പി പൊലീസ് കമ്മിഷണർക്കും വി.ശിവദാസൻ എം.പി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും കത്തയച്ചു.