ന്യൂഡൽഹി: വാഹനാപകടത്തിൽ ഇരകളാകുന്നവരുടെ നഷ്‌ടപരിഹാരം നിശ്ചയിക്കുമ്പോൾ വിദ്യാഭ്യാസയോഗ്യത മാത്രമല്ല,ലഭിക്കുമായിരുന്ന ജോലിയുടെ സ്വഭാവവും പരിഗണിക്കണമെന്ന് സുപ്രീംകോടതി. ഡൽഹിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ 20കാരൻ പിന്നീട് മരിച്ചിരുന്നു. ഇതിൽ മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലും ഡൽഹി ഹൈക്കോടതിയും വിധിച്ച നഷ്‌ടപരിഹാരം വർദ്ധിപ്പിച്ചു കൊണ്ടാണ് സുപ്രീംകോടതിയുടെ നിലപാട്. ഇരയായ ബി.കോം അവസാന വർഷ വിദ്യാർത്ഥി,ഇൻസ്റ്റിറ്ര്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സിൽ എൻറോൾ ചെയ്‌തിരുന്നു. ട്രൈബ്യൂണലും ഹൈക്കോടതിയും സാധാരണ തൊഴിലാളിക്ക് ലഭിക്കുന്ന മിനിമം വേതനം കണക്കാക്കിയാണ് നഷ്‌ടപരിഹാരം നിശ്ചയിച്ചത്. ചാർട്ടേഡ് അക്കൗണ്ടന്റായിട്ടില്ല എന്നതിനാൽ ആ വരുമാനം പരിഗണിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി. എന്നാൽ ബിരുദത്തിനു ശേഷം ഇരയ്‌ക്ക് അക്കൗണ്ടന്റായി തീർച്ചയായും ജോലി ലഭിക്കുമായിരുന്നുവെന്നത് കണക്കിലെടുക്കുമ്പോൾ വരുമാനം അതിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. നഷ്‌ടപരിഹാരം 40.34 ലക്ഷമായി ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രൻ,എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച് ഉയർത്തി. ഹർജിക്കാരായ മാതാപിതാക്കൾക്ക് 20 ലക്ഷം വേറെയും ഇൻഷുറൻസ് കമ്പനി നൽകണം.