കോതമംഗലം: പൈങ്ങോട്ടൂരുകാർ ഏറെക്കാലമായി കാത്തിരിക്കുന്ന സമഗ്ര ശുദ്ധജല വിതരണ പദ്ധതിയുടെ നിർമ്മാണം ആരംഭിക്കുന്നു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടിന് മന്തി റോഷി അഗസ്റ്റ്യൻ നിർമ്മാണോദ്ഘാടനം നടത്തും. മാത്യു കുഴൽനാടൻ എം.എൽ.എ അദ്ധ്യക്ഷനാകും. കടവൂർ വി.എച്ച്.എസ്.എസിൽ വച്ചാണ് ചടങ്ങ് നടത്തുന്നത്. കിഫ്ബിയിൽ നിന്ന് ഫണ്ട് അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ ഏഴ് വാർഡുകളിൽ കുടിവെള്ളം എത്തിക്കാൻ കഴിയുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. കാളിയാർ പുഴയിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. ഇതിനായി പനങ്കര ഭാഗത്ത് കിണറും പമ്പ് ഹൗസും സ്ഥാപിക്കും. പൊതകുളം പതിരപ്പാറയിലാണ് ശുചീകരണ പ്ലാന്റ് വരുന്നത്. നാല്പത് ലക്ഷം ലിറ്ററാണ് പ്ലാന്റിന്റെ ശേഷി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ജലവിതരണത്തിനുള്ള നാല് ഓവർ ഹെഡ് ടാങ്കുകളും നിർമ്മിക്കും. ശുചീകരണ പ്ലാന്റിലേക്കും ടാങ്കുകളിലേക്കും വെള്ളം എത്തിക്കുന്നതിനായി പതിനഞ്ച് കിലോമീറ്റർ പൈപ്പ് ലൈനാണ് ആവശ്യമുള്ളത്. ജലവിതരണത്തിന് വേണ്ടത് 47 കിലോമീറ്റർ ദൈർഘ്യത്തിൽ പൈപ്പ് ലൈൻ. ഇതിൽ ഭൂരിഭാഗവും സ്ഥാപിച്ചുകഴിഞ്ഞു.

നിർമ്മാണ ചെലവ് 29 കോടി രൂപ

പൈങ്ങോട്ടൂർ ശുദ്ധജല വിതരണ പദ്ധതി പ്രഖ്യാപിച്ചത് 2016-17 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ.

പദ്ധതി നിർമ്മാണം വൈകിപ്പിച്ചത് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിലും വനംഭൂമി വിട്ടുകിട്ടുന്നതിലും ഉണ്ടായ നൂലാമാലകൾ.

ഈ തടസങ്ങൾ മാറിയ ശേഷം കരാറെടുക്കാൻ ആളെ കിട്ടാതിരുന്നതും വിനയായി.

മൂന്നാമത്തെ ടെൻഡറിലാണ് കരാർ ഉറപ്പിക്കാനായത്.

പദ്ധതി പ്രഖ്യാപിക്കുമ്പോൾ ചെലവ് കണക്കാക്കിയത് 23 കോടി രൂപ.

പദ്ധതിയുടെ ആദ്യഘട്ടം ഒരു വർഷത്തിനുള്ളിൽ കമ്മീഷൻ ചെയ്യാൻ ലക്ഷ്യമിടുന്നു.

വിതരണ പൈപ്പ് ലൈൻ 90 ശതമാനവും സ്ഥാപിച്ചുകഴിഞ്ഞു.

ആദ്യഘട്ടത്തിൽ ഏഴ് വാർഡുകളിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകും.

കടവൂർ നോർത്ത്, കടവൂർ സൗത്ത്, പുതകുളം, ഞാറക്കാട്, പനങ്കര, നെടുവക്കാട്, മണിപ്പാറ എന്നീ വാർഡുകളിലെ കുടിവെള്ള പ്രശ്‌നം പൂർണമായും പരിഹരിക്കപ്പെടും. ആദ്യഘട്ടം പൂർത്തിയായ ശേഷം രണ്ടാം ഘട്ടത്തെക്കുറിച്ച് ആലോചനയുണ്ടാകും.

സന്തോഷ് ജോർജ്

മുൻ പ്രസിഡന്റ്‌

ഗ്രാമപഞ്ചായത്ത്

പൈങ്ങോട്ടൂർ