കൊച്ചി: ''പെരുമഴയാണ്. ഇടയ്‌ക്കൊന്ന് ശക്തികുറയും, കൂടും. മൂന്ന് ദിവസമായി ഇങ്ങനെയാണ് കാലാവസ്ഥ. രണ്ട് കിലോ മീറ്റർ അപ്പുറം വീണ്ടും മണ്ണിടിഞ്ഞു. പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ്. നിലവിൽ എല്ലാവരും സുരക്ഷിതരാണ് '' ഹിമാചലിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളടങ്ങിയ വിനോദസഞ്ചാര സംഘത്തിലെ ടൂർ ഓപ്പറേറ്റർ മലപ്പുറം നിലമ്പൂർ സ്വദേശി ജിസാൻ സാവോയുടെ വാക്കുകളിൽ ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ലെന്ന് വ്യക്തം.
ഹിമാചലിലെ കൽപ ഗ്രാമത്തിൽ സർക്കാർ ഗസ്റ്റ് ഹൗസിലാണ് ജിസാൻ സാവോ അടക്കം 18 മലയാളികളും അഞ്ച് തമിഴ്‌നാട് സ്വദേശികളും രണ്ട് ഉത്തരേന്ത്യക്കാരും മൂന്ന് ദിവസമായി കുടുങ്ങിക്കിടക്കുന്നത്. ''കേരളത്തിലേതു പോലെയല്ല മഴ. അതിഭീകരമാണ്. ഇതുമൂലമാണ് പലയിടത്തും മണ്ണിടിച്ചിലുണ്ടാകുന്നത്. ഹെലികോപ്ടർ എത്തിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. റോഡുകളെല്ലാം അടഞ്ഞുപോയി. എന്ന് തിരികെ മടങ്ങാനാകുമെന്ന് അറിയില്ല. മൊബൈൽ റേഞ്ച് രണ്ടാം ദിവസം മുതൽ ലഭിച്ചത് ആശ്വാസമായി. എല്ലാവരും കുടുംബങ്ങളുമായി സംസാരിച്ചു. ഭക്ഷണവും മറ്റും കൃത്യമായി ലഭിക്കുന്നുണ്ട് '' ജിസാൻ സാവോ പറഞ്ഞു.
കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി തിരികെ എത്തിക്കുന്നതിനുള്ള ദൗത്യങ്ങളും അതിവേഗം പുരോഗമിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ഗസ്റ്റ് ഹൗസിൽ തന്നെ തുടരാനാണ് സഞ്ചാരികൾക്ക് സർക്കാർ നൽകിയിട്ടുള്ള നിർദ്ദേശം. റോഡ് ശരിയാവാൻ ദിവസങ്ങളെടുക്കുമെന്നാണ് പ്രാദേശിക ഭരണകൂടം അറിയിക്കുന്നത്. മലയാളികളെയടക്കം രക്ഷപ്പെടുത്തി തിരികെ എത്തിക്കാനുള്ള നീക്കങ്ങൾ വേഗത്തിലാക്കണമെന്ന് സംസ്ഥാന സർക്കാർ ഹിമാചൽ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ 25ന് ആണ് സംഘം ഡൽഹിയിൽ നിന്ന് സ്പിതി വാലി സന്ദർശിക്കാൻ പോയത്. തിരിച്ച് വരാനിരിക്കെ ഷിംലയിലേക്കുള്ള റോഡ് മണ്ണിടിച്ചിലിൽ തകർന്നു. ഇതോടെയാണ് മടക്കയാത്ര പ്രതിസന്ധിയിലായത്. സംഘത്തിലുള്ളവർ ഇൻസ്റ്റാഗ്രാം കൂട്ടായ്മയിലൂടെയാണ് പരിചയപ്പെടുന്നതും വിനോദയാത്രയ്ക്ക് പുറപ്പെട്ടതും.