onam
മൂവാറ്റുപുഴ ഇ.ഇ.സി മാർക്കറ്റ് റോഡിൽ തമിഴ്നാട് സ്വദേശി ശക്തിവേൽ പൂക്കച്ചവടം നടത്തുന്നു

മൂവാറ്റുപുഴ: നാടെങ്ങും ഓണാഘോഷം പൊടിപൊടിക്കുമ്പോൾ പൂക്കളം കളറാക്കാൻ മൂവാറ്റുപുഴയിൽ പൂവിപണി സജീവമായി. വിവിധ വർണങ്ങളിലുള്ള പൂക്കളാണ് മൂവാറ്റുപുഴയിലെ വ്യാപാര സ്ഥാപനങ്ങളിലും തെരുവോരങ്ങളിലും വില്പനയ്ക്ക് തയ്യാറായിരിക്കുന്നത്. മഞ്ഞ, ഓറഞ്ച്, വെള്ള നിറങ്ങളിലുള്ള ബന്തിപ്പൂക്കളും വാടാമല്ലിയും അരളിപ്പൂവും ചുവപ്പ് നിറത്തിലുള്ള ബട്ടൺ റോസിനുമാണ് ഡിമാന്റ്. കൂടാതെ മുല്ലപ്പൂക്കളും വില്പനക്കായി കൊണ്ടുവന്നിട്ടുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് പൂവുകൾക്ക് വലിയ വിലക്കൂടുതലൊന്നും ഇല്ലെന്നാണ് വ്യാപാരികൾ പറയുന്നത്. വ്യാപാര സ്ഥാപനങ്ങൾക്ക് പുറമേ തെരുവോരങ്ങളിലും പൂവിപണികൾ സജീവമാണ്. കച്ചവടം കൂടുതലും തെരുവോരങ്ങളിലാണ് നടക്കുന്നത്.

ഇ.ഇ.സി മാർക്കറ്റ് റോഡിൽ തമിഴ്നാട് കൃഷ്ണഗിരി സ്വദേശി എം. ശക്തിവേൽ നടത്തുന്ന തെരുവോര പൂക്കടയിലാണ് തിരക്ക്. ഒരു കിലോ മഞ്ഞ ബന്തിക്ക് 200, ഓറഞ്ച് ബന്തിക്ക് 200, വെള്ള ജമന്തിക്ക് 500, വാടാമല്ലി 400, ബട്ടൺ റോസ് 400, അരളി 500 രൂപ എന്നിങ്ങനെയാണ് തെരുവ് വിപണിയിലെ പൂക്കളുടെ വില. ബംഗളുരു, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് ദിവസേന എത്തിക്കുന്ന പത്തോളം ഐറ്റം പൂവുകളാണ് വില്പനക്ക് വച്ചിരിക്കുന്നതെന്ന് ശക്തിവേൽ പറഞ്ഞു. കഴിഞ്ഞ 5 വർഷമായി ശക്തിവേൽ മൂവാറ്റുപുഴയിൽ പൂക്കച്ചവടത്തിനായി എത്തുന്നു. അത്തം മുതൽ 10 ദിവസക്കാലം മൂവാറ്റുപുഴയിൽ ശക്തിവേലിന്റെ പൂക്കച്ചവടം പൊടിപൊടിക്കും. പൂക്കളത്തിനുള്ള പൂക്കളെ കൂടാതെ ഓണാഘോഷത്തിനൊരുങ്ങുന്ന മങ്കമാർക്ക് ചൂടാനുള്ള മുല്ലപ്പൂക്കളുടെ വില്പനയും തകൃതിയായാണ് നടക്കുന്നത്.