കോതമംഗലം: ജനവാസമേഖലയിലെ കിണറ്റിൽ കാട്ടാന വീഴുന്നത് കോതമംഗലത്തും പരിസരത്തും പുതുമയില്ലാതാകുന്നു. ആണ്ടുതോറും ആവർത്തിക്കുന്ന ആനച്ചാട്ടത്തിന്റെ പേരിൽ നാട്ടുകാരും വനംവകുപ്പും തമ്മിൽ കലഹിക്കും. ഒടുവിൽ ഒരു താത്കാലിക ഒത്തുതീർപ്പ് ഫോർമുലയുടെ അടിസ്ഥാനത്തിൽ കിണർ ഇടിച്ചുനിരത്തി ആനയെ രക്ഷിക്കും. ഈ പരമ്പരയിലെ അവസാന സംഭവമാണ് ഞായറാഴ്ച പുലർച്ചേ കോട്ടപ്പടിയിൽ ഉണ്ടായത്. നാട്ടുകാരുടെ എതിർപ്പുകാരണം, കിണറ്റിൽ വീണ ആനയെ 12 മണിക്കൂറിന് ശേഷമാണ് വനംവകുപ്പിന് രക്ഷിക്കാനായത്. വനംവകുപ്പിന്റെ അനാസ്ഥ കാരണമാണ് ആനകൾ നാട്ടിലിറങ്ങുന്നതെന്നാണ് നാട്ടുകാരുടെ പരാതി.

കോട്ടപ്പടി, പിണ്ടിമന, വേങ്ങൂർ, കുട്ടമ്പുഴ പഞ്ചായത്തുകളിലെ 85 പ്രദേശങ്ങളിൽ ആനശല്യംകാരണം ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. ഒരുദിവസം തന്നെ ഒന്നിലധികം ജനവാസമേഖലകളിൽ ആനയിറങ്ങും. വനാതിർത്തിയിൽ നിന്ന് അഞ്ചും ആറും കിലോമീറ്റർ അകലെ വരെ ആനശല്യം രൂക്ഷമാണ്.

ആനയുൾപ്പെടെയുള്ള വന്യജീവി ശല്യത്തിൽ പൊറുതിമുട്ടി വീടും പുരയിടവും ഉപേക്ഷിച്ച് പാലായനം ചെയ്തവരുമുണ്ട്. മലയാറ്റൂർ വനമേഖലയിലെ കോട്ടപ്പാറ പ്ലാന്റേഷൻ വഴിയാണ് ആനകൾ ജനവാസമേഖലയിൽ ഇറങ്ങുന്നത്. 50ൽപ്പരം ആനകൾ കോട്ടപ്പാറ പ്ലാന്റേഷൻ ഭാഗത്തുണ്ടെന്നാണ് വനംവകുപ്പിന്റെ കണക്ക്. വളരെ ചെറിയൊരു വനമേഖലയിലാണ് ഇത്രയധികം ആനകളുള്ളത്. അതുകൊണ്ടുതന്നെ തീറ്റയുടെ ദൗർലഭ്യം ആനകൾ നാട്ടിലിറങ്ങാൻ പ്രധാനകാരണമാണ്.

നാട്ടുകാർ ഭീതിയിൽ

റബർ, തെങ്ങ്, വാഴ, കൈത, റമ്പുട്ടാൻ, കൊക്കോ, കപ്പ, കാച്ചിൽ, ചേന, ചേമ്പ്, നെല്ല് തുടങ്ങി നാണ്യവിളകളും ഭക്ഷ്യവിളകളും സമൃദ്ധമായി കൃഷിചെയ്തിരുന്ന നാടാണ് കോതമംഗലവും പരിസര ഗ്രാമങ്ങളും. ഇന്ന് ഹെക്ടർകണക്കിന് സ്ഥലം കൃഷിയില്ലാതെ തരിശ് ഇട്ടിരിക്കുകയാണ്. പ്ലാവും മാവും പുരയിടത്തിൽ നിന്ന് വെട്ടിമാറ്റാൻ കർഷകർ നിർബന്ധിതരാകുന്നു. ചക്കയും മാങ്ങയും വിളയുന്ന സീസണിൽ ആന നാട്ടിലിറങ്ങിയാൽ പിന്നെ തിരികെ പോകാൻ മടിയാണ്. ആദ്യമൊക്കെ പ്ലാവിൽ ചക്ക വിരിയുമ്പോൾ തന്നെ കർഷകർ പറിച്ചുകളയുമായിരുന്നു. എന്നിട്ടും രക്ഷയില്ലാതെ വന്നപ്പോഴാണ് മരം തന്നെ മുറിച്ചുമാറ്റാൻ നിർബന്ധിതരായത്.

കൃഷിയും കയ്യാലയും വീടിന്റെ മതിൽക്കെട്ടുമൊക്കെ ആനകൾ നശിപ്പിക്കുന്നു

വീട്ടുമുറ്റത്തെ കാലിത്തൊഴുത്ത് തകർത്ത് കറവപശുവിനെ ചവിട്ടിക്കൊന്ന സംഭവങ്ങളുണ്ട്

നിരവധി പേർക്ക് ആനകളുടെ ആക്രമണത്തിൽ പരിക്കേറ്റു

ഫെൻസിംഗ് നിർമ്മാണത്തിൽ

ആനകളെ പ്രതിരോധിക്കാൻ, വനാതിർത്തിയിൽ 30 കിലോമീറ്റർ ഭാഗത്ത് 3.5കോടിരൂപ ചെലവിൽ രണ്ടുനിര സോളാർ ഹാംഗിംഗ് ഫെൻസിംഗ് സ്ഥാപിക്കുകയാണ്. മുപ്പത് കിലോമീറ്റർ ദൈർഘ്യത്തിലുള്ള ഫെൻസിംഗ് പൂർത്തിയാക്കാൻ ഒന്നര വർഷത്തെ കരാറാണ് നൽകിയിട്ടുള്ളത്. പണി ആരംഭിച്ചിട്ട് 5മാസം കഴിഞ്ഞു. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ഫെൻസിംഗ് നിർമ്മാണം വേഗത്തിലാക്കുമെന്ന് കോട്ടപ്പടിയിലെത്തിയ ജില്ലാ കളക്ടർ ജി. പ്രിയങ്ക പറഞ്ഞു.