u
കുരീക്കാട് സ്വദേശി വൻപുള്ളി വീട്ടിൽ ജോയിയുടെ ഉടമസ്ഥതയിലുള്ള ഒരേക്കർ വയലിലെ 8 സെന്റ് സ്ഥലം നികത്തി ഷെഡ്ഡ് സ്ഥാപിച്ച നിലയിൽ

ചോറ്റാനിക്കര: കുരീക്കാട് അനധികൃതമായി നികത്തിയ നിലം പൂർവസ്ഥിതിയിലാക്കുവാൻ ഫോർട്ടുകൊച്ചി ആർ.ഡി.ഒയുടെ ഉത്തരവ്. നികത്തിയ മണ്ണ് ഉടനെ നീക്കംചെയ്ത് നിലം പൂർവ സ്ഥിതിയിലാക്കണം. കുരീക്കാട് സ്വദേശിയായ വൻപുള്ളി വീട്ടിൽ ജോയിയുടെ ഉടമസ്ഥതയിലുള്ള ഒരേക്കർ ഭൂമിയിലെ 8സെന്റ് നിലം അനധികൃതമായി മണ്ണിട്ട് നികത്തി ഷെഡ് സ്ഥാപിക്കുകയും മരങ്ങൾ വച്ചുപിടിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് സമീപവാസി ദിലീപ് പരാതി നൽകിയത്. ആർ.ഡി.ഒ നടത്തിയ പരിശോധനയിൽ പരാതിയിൽ കഴമ്പുണ്ടെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കി ഭൂമി നിലമാക്കി സംരക്ഷിക്കണമെന്ന ഉത്തരവിടുകയായിരുന്നു.

ഓട്ടോറിക്ഷ തൊഴിലാളിയായ പരാതിക്കാരനെ ഒന്നരവർഷം മുമ്പ് വാഹനമിടിപ്പിക്കുവാൻ ശ്രമം നടത്തിയിരുന്നു. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പിന്നീട് മറ്റു ഭീഷണികൾ ഒന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞദിവസം ഇരുകക്ഷികളെയും കളക്ടർ ഹിയറിംഗിനായി വിളിപ്പിക്കുകയും പരാതിയിൽ കഴമ്പുണ്ടെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് രോഷാകുലനായ ജോയി കഴിഞ്ഞദിവസം കുരീക്കാട് ഗാന്ധിനഗർ റോഡിൽ നിൽക്കുകയായിരുന്ന പരാതിക്കാരനെ വാക്കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവ് അപകടനില തരണം ചെയ്തുവെങ്കിലും ആശുപത്രിയിൽ തുടരുകയാണ്. സംഭവത്തെ തുടർന്നു മുങ്ങിയ പ്രതിയും കുടുംബവും ഇപ്പോഴും ഒളിവിലാണ്.