
കൊച്ചി: പൊതുജനങ്ങളിൽ ഹരിതചട്ടം പാലിച്ചുള്ള ഓണാഘോഷത്തിന്റെ അവബോധം സൃഷ്ടിക്കുന്നതിന് ജില്ലാശുചിത്വ മിഷന്റെ നേതൃത്വത്തിൽ മാവേലി പര്യടനം ആരംഭിച്ചു. പ്രചാരണ യാത്രയുടെ ഫ്ളാഗ് ഓഫ് ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർവഹിച്ചു. ഹരിതചട്ടം പാലിച്ച് പരിപാടികൾ നടത്തുന്നതിന് അവബോധം സൃഷ്ടിക്കുക, ഓണക്കാലത്ത് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, പേപ്പർ പ്ലേറ്റ്, പേപ്പർ ഗ്ലാസ് തുടങ്ങിയവ ഒഴിവാക്കി പ്രകൃതി സൗഹൃദ ഉത്പന്നങ്ങൾ ഉപയോഗിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 'മാവേലി വൃത്തിയുടെ ചക്രവർത്തി, ഈ ഓണം ഹരിത ഓണം' എന്ന സന്ദേശവുമുയർത്തികൊണ്ട് ശുചിത്വ മിഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന ഹരിത ഓണം പ്രചാരണയാത്രയുടെ ഭാഗമായാണ് കാക്കനാട് സിവിൽ സ്റ്റേഷനിൽ നിന്ന് പ്രചാരണ വാഹനം പര്യടനം ആരംഭിച്ചത്.