വൈപ്പിൻ: മുനമ്പത്ത് താമസിച്ചുവരുന്ന ഒരാളെയും കുടിയിറക്കില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ വ്യക്തമാക്കി. വഖഫ് ഭൂപ്രശ്‌നത്തിൽ ഹൈക്കോടതിയുടെ അഭിപ്രായം കേട്ടു മാത്രമേ ജസ്റ്റിസ് രാമചന്ദ്രൻകമ്മീഷൻ റിപ്പോർട്ട് സർക്കാറിന് തുറക്കാനാകൂ.
കടൽക്ഷോഭത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനിടയിൽ മരണമടഞ്ഞ മീശാൻ എന്ന പി.ആർ. പത്മനാഭന്റെ 50-ാം ചരമവാർഷികാചരണം മുനമ്പത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിസ്വാർത്ഥമായ പൊതു പ്രവർത്തനം നടത്തിയ സി.പി.എം നേതാവ് കെ.ബി ഭദ്രന് പ്രഥമ മീശാൻ പുരസ്കാരം മരണാനന്തര ബഹുമതി നൽകി. ഭദ്രന്റെ മകൾ കല പുരസ്കാരം ഏറ്റുവാങ്ങി.
സംഘാടക സമിതി കൺവീനർ സിപ്പി പള്ളിപ്പുറം, മുൻ ഫിഷറീസ് മന്ത്രി എസ്. ശർമ്മ, സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുൺ, കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ദിനകരൻ, ടി. രഘുവരൻ, കെ.എൽ. ദിലീപ്കുമാർ, പി.കെ. ചന്ദ്രശേഖരൻ, അഡ്വ. എൻ.കെ. ബാബു, മനീഷ് മീശാൻ പി.എസ്. സുനിൽകുമാർ, എന്നിവർ പ്രസംഗിച്ചു.
മീശാനോടൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ പി.എസ്. പവിത്രനെയും പരേതരായ രക്ഷാപ്രവർത്തകരുടെ കുടുംബാംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.