പറവൂർ: ഓണക്കാലത്തെ വിഷരഹിത ഭക്ഷണം ആരോഗ്യ കേരളത്തിലേക്കുള്ള പുത്തൻ ചുവടുവയ്പ്പായി മാറുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. ഓണസമൃദ്ധി 2025 കർഷകച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തുടനീളം 2000 ചന്തകളാണ് ആരംഭിച്ചത്. കർഷകർ ഉത്പാദിപ്പിച്ച നാടൻ, ജൈവ ഉത്പന്നങ്ങൾ സുരക്ഷിത ഭക്ഷണം ഉറപ്പാക്കും. അനിയന്ത്രിത വിലക്കയറ്റം തടയുന്നതും ലക്ഷ്യമിട്ടാണ് കൃഷിവകുപ്പ് സമഗ്രവിപണി ഇടപെടൽ നടത്തുന്നത് മന്ത്രി പറഞ്ഞു.
കരുമാലൂർ ഗ്രാമപഞ്ചായത്ത് ഇക്കോ ഷോപ്പിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി പി. രാജീവ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പഴം പച്ചക്കറി ഉത്പന്നങ്ങളും ജില്ലാ കളക്ടർ ജി. പ്രിയങ്ക ഭൗമസൂചിക ഉത്പന്നങ്ങളും ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് കേരളഗ്രോ ഉത്പന്നങ്ങളും കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത നാസർ പുഷ്പകൃഷി ഉത്പന്നങ്ങളും ഏറ്റുവാങ്ങി.
പൊതുവിപണി വിലയുടെ പത്ത് ശതമാനം അധികം വില നൽകി സംഭരിക്കുന്ന പഴം, പച്ചക്കറികൾ വിപണി വിലയെക്കാൾ മുപ്പത് ശതമാനം കുറച്ചാണ് വിൽക്കുന്നത്.
കൃഷിവകുപ്പ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ, എം.ആർ. രാധാകൃഷ്ണൻ, പോൾസൺ ഗോപുരത്തിങ്കൽ, ബിജിമോൾ കെ. ബേബി, എസ്. സിന്ധു, ജയശ്രീ ഗോപീകൃഷ്ണൻ, കെ.എസ്. ഷഹന, ബീന ബാബു, ടി.കെ. അബ്ദുൽ റസാഖ്, എം.വി. ഷാജി തുടങ്ങിയവർ പങ്കെടുത്തു.