കൊച്ചി: ഹൈക്കോർട്ട് - എം.ജി റോഡ് റൂട്ടിൽ കൊച്ചി മെട്രോ ആരംഭിച്ച സർക്കുലർ ഇലക്ട്രിക് ബസ് സർവീസിൽ യാത്രക്കാർ ഏറെയും സ്ത്രീകൾ. പതിവുയാത്രക്കാരിൽ പകുതിയിലേറെയും സ്ത്രീകളാണ്. യാത്രക്കാരുടെ ശരാശരി പ്രായം 37. കോഴിക്കോട് എൻ.ഐ.ടി വിദ്യാർത്ഥികൾ നടത്തിയ സർവേയിലാണ് ഈ വിശേഷങ്ങൾ.
51 ശതമാനം സ്ത്രീകളാണ് ബസിലെ യാത്രക്കാർ. ദേശീയതലത്തിലുള്ള ട്രെൻഡിൽനിന്ന് വ്യത്യസ്തമാണ് ഇക്കാര്യത്തിൽ കൊച്ചി. ദേശീയ ശരാശരി 20 മുതൽ 30 ശതമാനം വരെയാണ്. കൊച്ചിയിലെ ശീതീകരിച്ച ഇ- ബസ്, വാട്ടർമെട്രോ, മെട്രോ റെയിൽ, റെയിൽവേ സ്റ്റേഷൻ, പ്രധാന ഷോപ്പിംഗ് സെന്ററുകൾ, ആശുപത്രികൾ എന്നിവയെ ഇലക്ട്രിക് ബസുകൾ കണക്ട് ചെയ്യുന്നുണ്ട്.
20രൂപയ്ക്ക് ഈ റൂട്ടിൽ എവിടേക്കും യാത്രചെയ്യാനാകുമെന്നതാണ് ആകർഷണീയത. 25നും 47നും ഇടയിൽ പ്രായമുള്ള വർക്കിംഗ് പ്രൊഫഷണലുകളാണ് യാത്രക്കാരിലെ ഏറ്റവും വലിയ വിഭാഗം. വിദ്യാർത്ഥികൾ, ബിസിനസുകാർ, വീട്ടമ്മമാർ, മുതിർന്നപൗരന്മാർ തുടങ്ങിയവരാണ് അടുത്ത സ്ഥാനങ്ങളിലുള്ളത്.
45.1 ശതമാനവും സ്ഥിരം യാത്രക്കാരാണ്. 12.6 ശതമാനം ആളുകൾ ആഴ്ചയിലൊരിക്കലെങ്കിലും 17.5 ശതമാനം യാത്രക്കാർ വല്ലപ്പോഴും എന്ന കണക്കിൽ ഫീഡർബസിൽ യാത്രചെയ്യുന്നുണ്ട്.
*പ്രതിദിന യാത്രക്കാർ: 4,600
*റൂട്ട്: ആലുവ-എയർപോർട്ട്, കളമശേരി -മെഡിക്കൽ കോളേജ്, കാക്കനാട് - ഇൻഫോപാർക്ക്, *ഹൈക്കോർട്ട്- എംജി റോഡ്
*എം.ജി റോഡ് സർക്കുലർ സർവീസ് ആരംഭിച്ചത്: മാർച്ചിൽ
*ഈ റൂട്ടിലെ പ്രതിദിന യാത്രക്കാർ: 818
*സർവീസ് തുടങ്ങി ഇതുവരെ യാത്രചെയ്തത്: 1,34,317 പേർ
നഗരത്തിനുള്ളിൽ കുറഞ്ഞ ചെലവിൽ സുഖകരമായ യാത്ര സാദ്ധ്യമാകുന്നത് ഉപകാരപ്രദമാണ്.
ടി.എസ്. മീനാക്ഷി,
കോളേജ് അദ്ധ്യാപിക