കൊച്ചി: ലോഡുമായി ബന്ധപ്പെട്ട തർക്കം കലാശിച്ചത് വീൽ സ്പാനർ ആക്രമണത്തിൽ. മോഡേണിന്റെ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന ലോറിഡ്രൈവർ മുണ്ടക്കയം സ്വദേശി പ്രതീപ് (30), കോട്ടയം സ്വദേശിയായ ശരത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവിടത്തെ മറ്റൊരു ലോറിഡ്രൈവറായ കോരുത്തോട് സ്വദേശി ജിഷ്ണു, ക്ലീനർ വിവേക് എന്നിവർക്കായാണ് അന്വേഷണം. ഇരുവരും ഒളിവിലാണ്.
പ്രതീപിന് തലയ്ക്കാണ് അടിയേറ്റത്. രണ്ട് തുന്നിക്കെട്ടുണ്ട്. ശരത്തിന്റെ കണ്ണിന് സാരമായ പരിക്കുണ്ട്. കഴിഞ്ഞദിവസം മോഡേൺ ബ്രഡിന്റെ ഇടപ്പള്ളിയിലെ ഫാക്ടറിയിലായിരുന്നു സംഭവം. ലോഡുമായി ബന്ധപ്പെട്ട വാക്കുതർക്കത്തിനിടെ ജിഷ്ണു ലോറിയിൽനിന്ന് വീൽ സ്പാനറെടുത്ത് അടിക്കുകയായിരുന്നു. ഓടിക്കൂടിയവരാണ് പ്രതീപിനെയും ശരത്തിനെയും ആശുപത്രിയിൽ എത്തിച്ചത്. പൊലീസിനെയും അറിയിച്ചു. മർദ്ദനമേറ്റവരുടെ മൊഴി ആശുപത്രിയിലെത്തി രേഖപ്പെടുത്തി. തുടർന്ന് കേസെടുക്കുകയായിരുന്നു.
മോഡേണിന്റെ ഉത്പന്നങ്ങളുടെ വിതരണത്തിന് ലോറികൾ കരാർ എടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ എത്തിയ ലോറികളിലെ ജീവനക്കാരാണ് മർദ്ദനമേറ്റവരും പ്രതികളും. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് എളമക്കര പൊലീസ് പറഞ്ഞു.