കാക്കനാട്: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി ജില്ലാ പട്ടികജാതി വികസനവകുപ്പിന്റെ സഹകരണത്തോടെ പട്ടികജാതി യുവതി - യുവാക്കൾക്കായി നടപ്പിലാക്കുന്ന മികവ് പദ്ധതിയുടെ ഭാഗമായുള്ള വിവിധ തൊഴിൽ പരിശീലന കോഴ്സുകളുടെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി. നിർവഹിച്ചു. പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷനായി. എം.എൽ.എമാരായ ഉമ തോമസ്, പി.വി. ശ്രീനിജിൻ, ജില്ലാ കളക്ടർ ജി. പ്രിയങ്ക എന്നിവർ മുഖ്യാതിഥികളായിരുന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് , അംഗങ്ങളായ എ.എസ്. അനിൽകുമാർ, ഷാരോൺ പനക്കൽ, സെക്രട്ടറി പി.എം. ഷെഫീക്ക്, ജില്ലാ പട്ടികജാതി വികസന ഓഫീസർ ലിസ ജെ. മങ്ങാട്ട് എന്നിവർ സംസാരിച്ചു. വിവിധ കോഴ്സുകളിലായി 316 പട്ടികജാതി യുവതി യുവാക്കളാണ് തൊഴിൽ പരിശീലനം നേടുന്നത്. ജില്ലാ പഞ്ചായത്ത് 1.60 കോടി രൂപ നീക്കി വച്ചിട്ടുണ്ടെന്നും പട്ടികജാതി യുവാക്കൾക്കായി നടപ്പിലാക്കുന്ന സംസ്ഥാനത്തെ മികച്ച പദ്ധതികളിലൊന്നാണ് മികവ് പദ്ധതിയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പറഞ്ഞു.