നെടുമ്പാശേരി: തകർന്ന് തരിപ്പണമായ പാറക്കടവ് പഞ്ചായത്തിലെ എളവൂർ തിരു - കൊച്ചി രാജപാത സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി. രാജപാതയിൽ എറണാകുളം തൃശൂർ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും പഴയ തിരുവിതാംകൂർ, കൊച്ചി സംസ്ഥാനങ്ങളുടെ അതിർത്തിയുമായിരുന്ന എളവൂർ ശ്രാമ്പിക്കൽ ഭാഗത്താണ് റോഡ് തകർന്നു കിടക്കുന്നത്.
ഒരു കിലോമീറ്ററോളം ദൂരം റോഡ് ഉയർത്തി കൈത്തോടിന് കുറുകെ കലുങ്ക് നിർമ്മിച്ച് ഗതാഗതയോഗ്യമാക്കിയാൽ ഗുണകരമാകും. കഴിഞ്ഞ ദിവസങ്ങളിൽ ദേശീയപാതയിൽ ഗതാഗതക്കുരുക്കുണ്ടായപ്പോൾ കൊടകര, കൊരട്ടി ഭാഗത്ത് നിന്നെല്ലാം അന്നമനട, എരയാംകുടി, എളവൂർ, വട്ടപ്പറമ്പ്, കോടുശേരി വഴിയാണ് വാഹനങ്ങൾ വഴി തിരിച്ചു വിട്ടത്.
രാജപാത എൻ.എച്ച് 47 ആയി
നേരത്തെ കൊച്ചി രാജ്യത്തിന്റെ തെക്കേയറ്റവും തിരുവിതാംകൂർ രാജ്യത്തിന്റെ വടക്കേയറ്റവും തമ്മിൽ ബന്ധിപ്പിച്ചിരുന്ന തിരുക്കൊച്ചി രാജപാതയാണ് പിൽക്കാലത്ത് എൻ.എച്ച് 47 ആയത്. റെയിൽവേ ലൈൻ വന്നതോടെ അങ്കമാലിയും ചാലക്കുടിയും പ്രധാന പട്ടണങ്ങളായി. രാജപാത അത്താണിയിൽ നിന്ന് തിരിഞ്ഞ് അങ്കമാലി, ചാലക്കുടി വഴിയായതോടെ അത്താണി മുതൽ കൊരട്ടി വരെയുള്ള യഥാർത്ഥ രാജപാത വിസ്മൃതിയിലായി.
വ്യാപക കൈയേറ്റവും
കൈയേറ്റം മൂലം രാജപാത വീതി കുറഞ്ഞ് ചെറുവഴിയായി മാറിയപ്പോൾ വീണ്ടും ബൈപ്പാസ് എന്ന ആവശ്യം ശക്തമായി.
ഇതേത്തുടർന്ന് രാജപാത പുനർനിർമ്മിക്കാനുള്ള പദ്ധതി തയ്യാറാക്കി.
അത്താണി മുതൽ എളവൂർ വരെ ഇരുവശത്തെയും കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ നടപടികൾ തുടങ്ങി.
വട്ടപ്പറമ്പ് വരെ 70 ശതമാനത്തോളം കൈയേറ്റങ്ങൾ ഒഴിവാക്കി റോഡ് നവീകരിച്ചു.
മറ്റുള്ള ഭാഗങ്ങളിലെ കൈയേറ്റങ്ങളും കണ്ടെത്തി.
എളവൂർ സ്‌കൂളിന്റെ കൈവശമുണ്ടായ ഭാഗം വിട്ടുകൊടുക്കാൻ തയ്യാറായെങ്കിലും സമീപത്തെ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കൈയേറിയ സ്ഥലം വിട്ടു നൽകിയിട്ടില്ല.
കൈയേറ്റം പൂർണമായി ഒഴിപ്പിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം.
കൈത്തോടിന് കുറുകെ കലുങ്ക് നിർമ്മിച്ച് ഗതാഗതയോഗ്യമാക്കിയാൽ ചാലക്കുടി, കൊടകര, മാള, ഇരിഞ്ഞാലക്കുട ഭാഗങ്ങളിലേക്ക് എളുപ്പത്തിലെത്താം
പൗലോസ് കല്ലറക്കൽ
ചെയർമാൻ
രാജപാത വികസന സമിതി