പറവൂർ: പെരിയാറിന്റെ കൈവഴിയായ ഗോതുരുത്ത് പുഴയിൽ നാലാഴ്ച പഴക്കമുള്ള ആനയുടെ ജഡം ഒഴുകിയെത്തി വടക്കേക്കടവിലെ തീരത്തടിഞ്ഞു. ജഡം വനംവകുപ്പ് അധികൃതരുടെ സാന്നിദ്ധ്യത്തിൽ കരയ്ക്കുകയറ്റി.
ഞായറാഴ്ചയാണ് പുഴയിലൂടെ ജഡം ഒഴുകുന്നത് നാട്ടുകാർ കണ്ടത്. ഇന്നലെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ജെ.സി.ബി ഉപയോഗിച്ച് കരയ്ക്കുകയറ്റി. മറവുചെയ്യാൻ സ്ഥലമില്ലാതെ വന്നതോടെ ചേന്ദമംഗലം പഞ്ചായത്ത് അംഗം കെ.ടി. ഗ്ളീറ്റർ മറ്റു അംഗങ്ങളെ അറിയിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് അംഗം ഫസൽ റഹ്മാൻ തന്റെ വീട്ടുവളപ്പിൽ സംസ്കരിക്കാൻ സമ്മതിച്ചു. ജഡം ലോറിയിൽ കയറ്റി പാലാതുരുത്തിലെത്തിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ മറവുചെയ്തു.
ആഴ്ചകൾക്കുമുമ്പ് പൂയംകുട്ടി വനമേഖലയിൽ പുഴമുറിച്ച് കടക്കുന്നതിനിടെ ആനക്കൂടം ശക്തമായ കുത്തൊഴുക്കിൽപ്പെട്ടിരുന്നു. പന്ത്രണ്ട് ആനകൾ ഉണ്ടായിരുന്നതായി നിഗമനം. അതിൽപ്പെട്ട ആനയുടെ ജഡമാണ് ഗോതുരുത്ത് പുഴയിൽ ഒഴുകിയെത്തിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒഴുക്കിൽപ്പെട്ട അഞ്ച് ആനകളുടെ ജഡം പൂയംകുട്ടി മേഖലകളിൽ നിന്ന് കണ്ടെത്തിയിരുന്നു. രണ്ടാഴ്ചമുമ്പ് ചെറായി ബീച്ചിലും ആനയുടെ ജഡം അടിഞ്ഞിരുന്നു.