flower-market
ഏലൂർ പാതാളം കവലയിലെ പൂച്ചന്ത

കളമശേരി: പാതാളത്തെ പുഷ്പവിപണി പൊടിപൊടിക്കുന്നു. മൂന്നുദിവസം തുടർച്ചയായി പെയ്തമഴ പൂക്കച്ചവടത്തെ ദോഷകരമായി ബാധിച്ചെങ്കിലും ഇന്നലെ മാനം തെളിഞ്ഞതോടെ കച്ചവടക്കാരുടെ മുഖവും തെളിഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ കച്ചവടം തകൃതിയാകുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ.

ഏലൂർ നഗരസഭ പാതാളം ജംഗ്ഷനിൽ മഴയും വെയിലും കൊള്ളാതിരിക്കാൻ റോഡരികിലെ ഫുട്പാത്തിൽ പ്രത്യേകം ലൈറ്റിട്ട് പന്തലൊരുക്കി കൊടുത്തിട്ടുണ്ട്. 40 സ്റ്റാളുകളാണുള്ളത്. പത്തുദിവസത്തേക്ക് 2500രൂപ വാടക നൽകണം. അപേക്ഷകരിൽനിന്ന് നറുക്കിട്ട് ക്രമപ്രകാരമാണ് സ്റ്റാൾ കൊടുത്തത്.

രണ്ടുദിവസം കൂടുമ്പോൾ നാലഞ്ചുപേർ ചേർന്ന് കോയമ്പത്തൂരിൽനിന്ന് പൂക്കൾ ചാക്കിൽ നിറച്ച് വാഹനത്തിൽ എത്തിച്ച് എല്ലാവർക്കും വിതരണം ചെയ്യും. പൂക്കൾ മുഴുവൻ വിറ്റുപോയില്ലെങ്കിൽ അന്തിയുറക്കം സ്റ്റാളിൽത്തന്നെ. ഏലൂരിൽ വർഷങ്ങളായി സ്ഥിരതാമസമാക്കിയിട്ടുള്ള തമിഴരാണ് കച്ചവടക്കാർ.

പന്തലിന്റെ പിൻവശം വേണ്ടരീതിയിൽ മറയ്ക്കാതിരുന്നതിനാൽ തുടർച്ചയായ മഴയിൽ നാലഞ്ചുസ്റ്റാളുകളിലെ പൂക്കൾ ഉപയോഗശൂന്യമായി നഷ്ടം വന്നതായും പരാതിയുണ്ട്.