railway
പുറയാർ റെയിൽവേ ഗേറ്റ് മിനി ലോറി തട്ടി പ്രവർത്തന രഹിതമായതിനെ തുടർന്ന് അടച്ചിട്ട നിലയിൽ

നെടുമ്പാശേരി: മിനി ലോറി തട്ടി റെയിൽവേ ഗേറ്റ് തകരാറിലായതിനെ തുടർന്ന് പുറയാറിൽ എട്ടര മണിക്കൂറോളം വാഹന ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ 6.45 മുതൽ വൈകിട്ട് 3.15 വരെയാണ് ഗതാഗതം പൂർണമായി തടസപ്പെട്ടത്.

ദേശത്ത് നിന്ന് കാലടി ഭാഗത്തേക്ക് ചരക്കുമായി പോയ ലോറിയാണ് റെയിൽവേ ഗേറ്റിൽ തട്ടിയത്. മിനി ലോറി കടന്നുവന്നപ്പോൾ ഹൈഡ്രോളിക് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഗേറ്റ് മുകളിൽ നിന്ന് താഴേക്ക് വന്ന് അടയുകയായിരുന്നു. വാഹനം മുന്നോട്ട് പോയതോടെ ഗേറ്റിന്റെ ക്രോസ് ബാർ ലോറിയുടെ ക്യാബിനേക്കാൾ ഉയരത്തിലായിരുന്ന ചരക്കിൽ തട്ടി. ഇതോടെ ഗേറ്റിന്റെ കേബിൾ സംവിധാനം പൊട്ടി പ്രവർത്തനരഹിതമായി. ആലുവയിൽ നിന്ന് എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥരെത്തി തകരാർ പരിഹരിച്ചപ്പോഴേക്കും ഏറെ വൈകി.

കാലടി ഭാഗത്ത് നിന്നുള്ള ബസുകൾ മഹിളാലയം വഴിയാണ് തിരിച്ചുവിട്ടത്. ചില ബസുകൾ പുറയാർ ഗേറ്റിൽ ട്രിപ്പ് അവസാനിപ്പിച്ചു. അപകടം ഉണ്ടാക്കിയ ഡ്രൈവർക്കെതിരെ റെയിൽവേ കേസെടുത്തു. 30,000 രൂപയോളം പിഴയൊടുക്കേണ്ടി വരും.