പെരുമ്പാവൂർ: രാത്രിജോലിക്ക് ജാക്കറ്റ് കിട്ടാത്തതിനെപ്പറ്റി പറയാൻ ആലുവ റൂറൽ എസ്.പി ഓഫീസിൽ ഫോണിൽവിളിച്ച ട്രാഫിക് പൊലീസുകാരനെ എസ്.പി ഓഫീസിലുണ്ടായിരുന്ന ആൾ തെണ്ടിയെന്ന് വിശേഷിപ്പിക്കുന്ന ശബ്ദസന്ദേശം വൈറലായി. സമൂഹമാദ്ധ്യമങ്ങളിലും പൊലീസിന്റെ വാട്സാപ്പ് കൂട്ടായ്മകളിലും വ്യാപകമായി പ്രചരിച്ച സന്ദേശം റൂറൽ പൊലീസിനെ പ്രതിരോധത്തിലാക്കി.
കളമശേരി റൂറൽ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽനിന്ന് പെരുമ്പാവൂരിൽ ട്രാഫിക് ജോലിക്കെത്തിയ സിവിൽ പൊലീസ് ഓഫീസർ വിശാഖാണ് ജാക്കറ്റിന് പകരം അധിക്ഷേപം ഏറ്റുവാങ്ങിയത്. ക്യാമ്പിൽനിന്ന് വിശാഖ് ഉൾപ്പെടെ മൂന്നു പൊലീസുകാരെയാണ് ഓണത്തിരക്ക് കണക്കിലെടുത്ത് പെരുമ്പാവൂരിൽ താത്കാലിക ജോലിക്ക് ചുമതലപ്പെടുത്തിയത്.
രാത്രിജോലിക്ക് പെരുമ്പാവൂർ ട്രാഫിക് സ്റ്റേഷനിൽ ജാക്കറ്റ് ലഭ്യമല്ലാത്തതിനെ തുടർന്നാണ് റൂറൽ എസ്.പി ഓഫീസിലേക്ക് പൊലീസുകാരൻ വിളിച്ചത്. ഫോൺ എടുത്തയാൾ പരുഷമായാണ് മറുപടി പറഞ്ഞത്. ജാക്കറ്റ് എസ്.പി കൊണ്ടുതരണോ എന്ന രീതിയിലായിരുന്നു പ്രതികരണം. ഇതിനിടെയാണ് ഏത് തെണ്ടിയാണ് വിളിച്ചതെന്ന് മറുതലക്കൽ ആരോ ചോദിച്ചത്. ഇതുകേട്ട വിശാഖ് അധിക്ഷേപം ചോദ്യംചെയ്യുന്നതും ശബ്ദസന്ദേശത്തിൽ വ്യക്തമാണ്. ശബ്ദസന്ദേശം പൊലീസ് സേനയിൽ വിവാദമായിട്ടുണ്ട്.