
കൊച്ചി: നിർമ്മിത ബുദ്ധിയുടെ സാദ്ധ്യതകൾ കണ്ടെത്തി ശ്രദ്ധേയനായ സർക്കാർ സ്‌കൂൾ വിദ്യാർത്ഥി റൗൾ ജോൺ അജു (16) സാധാരണക്കാരെയും എ.ഐ. സാക്ഷരരാക്കാനുള്ള ദൗത്യവുമായി രംഗത്ത്. വിദേശ വിദ്യാർത്ഥികൾക്ക് നൽകിയ ഓൺലൈൻ ക്ലാസുകൾ ഇനി സൗജന്യമായി യൂട്യൂബ് ചാനലിലൂടെ ലഭ്യമാക്കും.
സൗജന്യ എ.ഐ. പാക്കേജ്
റൗൾ രൂപം നൽകിയ 30 ദിവസത്തെ ഈ സൗജന്യ പാക്കേജ്, നിർമ്മിത ബുദ്ധിയുടെ അടിസ്ഥാന തത്വങ്ങളിൽ നിന്ന് തുടങ്ങി, ന്യൂറൽ നെറ്റ്‌വർക്ക്‌സ്, ട്രാൻസ്‌ഫോമേഴ്‌സ്, ആർ.എ.ജി. തുടങ്ങിയ വിഷയങ്ങളിലൂടെ കടന്നുപോയി, ജനറേറ്റീവ് എ.ഐയിൽ എത്തിനിൽക്കുന്നതാണ്.
ഈ ക്ലാസുകൾ സെപ്റ്റംബർ 15 മുതൽ RaulTheRockstar എന്ന യൂട്യൂബ് ചാനലിലൂടെയും Airealm.pro/30 എന്ന വെബ്സൈറ്റ് വഴിയും ലഭ്യമാകും. വിദേശവിദ്യാർത്ഥികൾക്ക് സബ്സ്ക്രിപ്ഷനിലൂടെയാണ് ക്ലാസുകൾ നൽകിയിരുന്നത്. ഇടപ്പള്ളി അമൃതനഗറിൽ അജു ജോസഫിന്റെയും ഷേബ ആനിന്റെയും മകനാണ് റൗൾ.
മിടുക്കനായ വിദ്യാർത്ഥി
നോർത്ത് ഇടപ്പള്ളി ഗവ. വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് റൗൾ ജോൺ അജു. ശാസ്ത്ര വെബ്‌സൈറ്റുകളിലൂടെ നേടിയ അറിവുകൾ ഉപയോഗിച്ച്, അപ്പർ പ്രൈമറി ക്ലാസുകളിൽ പഠിക്കുമ്പോൾത്തന്നെ നിർമ്മിത ബുദ്ധിയുടെ ആപ്ലിക്കേഷനുകളിൽ ഈ മിടുക്കൻ പ്രാവീണ്യം നേടിയിരുന്നു. സങ്കീർണമായ കാര്യങ്ങൾ ഗെയിം ശൈലിയിൽ ലളിതമായി അവതരിപ്പിക്കുന്നതാണ് റൗളിന്റെ പ്രത്യേകത. ക്ലാസുകൾ എടുക്കുന്നതിനായി റൗൾ സ്വന്തമായി ഒരു റോബോട്ടിനെയും നിർമ്മിച്ചിട്ടുണ്ട്.