കൊച്ചി: 'അടിച്ചുപോയ" സ്മാർട്ട് ലൈറ്റുകൾക്ക് ജീവൻവയ്പിക്കാൻ തിരക്കിട്ട ദൗത്യവുമായി സി.എസ്.എം.എൽ. ഏതാണ്ട് 200ലധികം തെരുവുവിളക്കുകളാണ് പെരുമഴയിൽ അടിച്ചുപോയത്. പാനൽബോർഡുകൾ സ്ഥാപിക്കുന്നതോടെ ഇവയെല്ലാം ഓട്ടോമാറ്റിക് സംവിധാനത്തിന് കീഴിൽവരും. ഒപ്പം മിഴിയും തുറക്കും.1500 പാനൽ ബോർഡുകളാണ് സ്ഥാപിക്കേണ്ടത്. ഇതിൽ 800 എണ്ണം സ്ഥാപിച്ചുകഴിഞ്ഞു.

വ്യാപകപ്രതിഷേധം ഉയർന്നതോടെ ജൂലായിൽ കൊച്ചി കോർപ്പറേഷനും സി.എസ്.എം.എല്ലും വിഷയം ചർച്ചചെയ്ത് ധാരണയിൽ എത്തിയിരുന്നു.കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡാണ് 32 കോടി രൂപ ചെലവിൽ നഗരത്തിൽ 40,000 സ്മാർട്ട് എൽ.ഇ.ഡി തെരുവുവിളക്കുകൾ സ്ഥാപിച്ചത്. മഴ കനത്തതോടെ ഒന്നൊന്നായി അടിച്ചുപോവുകയായിരുന്നു. ഏതാണ്ട് 600 എണ്ണം മിഴിയടഞ്ഞു. കേടുപാട് സംഭവിച്ചതോടെ സ്മാർട്ട് ലൈറ്റ് കൗൺസിലർമാർക്ക് തലവേദനയായി. പരാതി ഒഴിയാത്ത നേരം ഉണ്ടായിരുന്നില്ല. വിഷയം പലതവണ കൗൺസിലിലും അവതരിപ്പിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. പ്രതിഷേധം കനത്തതോടെയാണ് നഗരസഭ ശബ്ദംകടുപ്പിച്ചത്. പലതും അറ്റകുറ്റപ്പണിക്ക് വിധേയമാക്കിയെന്ന് സി.എസ്.എം.എൽ പറയുന്നു.

നഗരത്തിൽ 74,000 തെരുവുവിളക്കുകളാണുണ്ടായിരുന്നത്. ഇതിൽ 40,000 എണ്ണമാണ് സി.എസ്.എം.എൽ പദ്ധതിപ്രകാരം എൽ.ഇ.ഡിയിലേക്ക് മാറ്റിയത്. മുഴുവൻ വിളക്കുകളും പൂർണമായി മാറ്റി സ്ഥാപിച്ചിട്ടില്ല. 40000 വഴിവിളക്കുകൾക്കായുള്ള കണക്ഷൻ അനുമതി കഴിഞ്ഞമാസം കെ.എസ്.ഇ.ബിയിൽനിന്ന് ലഭിച്ചു. 1500 കണക്ഷനുകളാണ് എടുക്കേണ്ടത്. നേരത്തെ കെ.എസ്.ഇ.ബിയിൽനിന്നും നേരിട്ട് വൈദ്യുതി സ്വീകരിക്കുകയും പോസ്റ്റ് ഒന്നിന് നിശ്ചിതതുക നൽകുകയുമാണ് ചെയ്തിരുന്നത്. മീറ്റർ കണക്ഷൻ വരുന്നതോടെ ഉപയോഗിക്കുന്ന വൈദ്യുതിക്ക് മാത്രം പണം നൽകിയാൽ മതിയാകും.

വൈദ്യുതി ബില്ലിൽ കുറവുവരുമോ
എൽ.ഇ.ഡി തെരുവുവിളക്കുകൾ നഗരമാകെ സ്ഥാപിക്കുന്നതോടെ ഈയാവശ്യത്തിനുള്ള കോർപ്പറേഷന്റെ വൈദ്യുതിബില്ലിൽ 41 ശതമാനം കുറവു വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അതുണ്ടായില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

കൺട്രോൾ റൂം
വഴിവിളക്ക് പ്രകാശിക്കുന്നില്ലെങ്കിൽ അത് കൺട്രോൾ റൂമിൽ അറിയാൻ സാധിക്കും. പരാതി ലഭിക്കും മുമ്പേ അറ്റകുറ്റപ്പണി നടത്താനും സാധിക്കും.