
കൊച്ചി: ബിനാലെ ഫൗണ്ടേഷൻ (കെ.ബി.എഫ് ) നടത്തിയ ചലച്ചിത്ര ശില്പശാലയിൽ നാല് യുവ ചലച്ചിത്രകാരന്മാർ ഒരുക്കിയത് നാല് ഹ്രസ്വചിത്രങ്ങൾ. സമകാലിക വിഷയങ്ങൾ അവതരിപ്പിക്കുന്നതാണ് സിനിമകൾ. ഡൽഹി ആസ്ഥാനമായ ഫൂട്ട്പ്രിന്റ് സെന്റർ ഫോർ ലേണിംഗിന്റെ നേതൃത്വത്തിലാണ് രണ്ട് ദിവസത്തെ ശില്പശാല സംഘടിപ്പിച്ചത്. 16നും 24നുമിടയിൽ പ്രായമുള്ള 13 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ബിദിഷ റോയ് ദാസ്, പ്രിയഞ്ജന ദത്ത എന്നിവർ നയിച്ചു. തിരക്കഥാരചന, സ്റ്റോറി ബോർഡിംഗ്, സാങ്കേതികവശങ്ങൾ, എഡിറ്റിംഗ് എന്നിവയിലും പരിശീലനം നൽകിയതായി ബിനാലെ പ്രോഗ്രാം മാനേജർ റെബേക്ക മാർട്ടിൻ പറഞ്ഞു. ഡിസംബർ 12നാണ് കൊച്ചി മുസിരിസ് ബിനാലെ ആരംഭിക്കുന്നത്.