പറവൂർ: കരുമാല്ലൂർ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള തട്ടാംപടി - കൈപ്പെട്ടി തകർന്ന് തരിപ്പണമായി കാൽനട പോലും സാദ്ധ്യമല്ലാത്ത അവസ്ഥയിലായിട്ട് വർഷങ്ങളാകുന്നു. കരുമാല്ലൂർ - ആലങ്ങാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിൽ ഒന്നാണിത്. വരാപ്പുഴ, നീറിക്കോട്, പാനായിക്കുളം, കൊങ്ങോർപ്പിള്ളി തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ വരാവുന്ന പാതയാണിത്. 16, 17 വാർഡുകളിലെ നൂറ് കണക്കിന് വീട്ടുകാർ ഈ റോഡിന്റെ ഇരു ഭാഗത്തും താമസിക്കുന്നുണ്ട്. പ്രധാന ക്ഷേത്രമായ കൈപ്പെട്ടി ഭഗവതി ക്ഷേത്രത്തിലേക്കുള്ള റോഡ് കൂടിയാണിത്. വി.കെ. ഇബ്രാഹിംകുഞ്ഞ് മന്ത്രിയായിരിക്കെയാണ് ഈ റോഡ് പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് അവസാനമായി അറ്റകുറ്റപ്പണി നടത്തിയത്. ഏകദേശം 13 വർഷം കഴിഞ്ഞിട്ടും റോഡ് ഇതുവരെ പുനർനിർമ്മിച്ചിട്ടില്ല. മൂന്ന് വർഷം മുമ്പാണ് റോഡ് ആകെ തകർന്നുതുടങ്ങിയത്. ടാറിംഗ് പൂർണമായി പൊളിഞ്ഞ് മെറ്റലുകൾ മുഴുവനും ചിതറിക്കിടക്കുകയാണ്. റോഡ് നിറകെ കുണ്ടും കുഴിയുമാണ്. ഇരുചക്രവാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയുന്നില്ല. കഴിഞ്ഞ ദിവസം സഹകരണ ബാങ്ക് ജീവനക്കാരനായ സ്കൂട്ടർ യാത്രക്കാരന് കുഴിയിൽ വീണ് പരിക്കേറ്റു. തട്ടാംപടി സെന്റ് തോമസ് ദേവാലയത്തിന് സമീപത്ത് തുടങ്ങുന്ന തട്ടാംപടി - കൈപ്പെട്ടി റോഡിന് ഒന്നേകാൽ കിലോമീറ്റർ നീളമുണ്ട്.