
ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ തായിക്കാട്ടുകര എസ്.എൻ പുരം ശ്രീനാരായണ ഗുരു മന്ദിരത്തിന് സമീപം മാലിന്യ നിക്ഷേപമെന്ന് പരാതി. ഗാർഹിക മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും രാത്രിയുടെ മറവിൽ തള്ളുന്നതായാണ് പരാതി.
ഗാർഹിക മാലിന്യങ്ങൾ ചീഞ്ഞ് ദുർഗന്ധം പരത്തുന്നതിനാൽ ഇതുവഴി മൂക്കുപൊത്തി യാത്ര ചെയ്യേണ്ട അവസ്ഥയാണ്. വിദ്യാധിരാജ വിദ്യഭവൻ, നിർമല ഹൈസ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ അടക്കം നൂറ് കണക്കിന് യാത്രക്കാരാണ് ഇതുവഴി യാത്ര ചെയ്യുന്നത്. തെരുവുനായകളും പക്ഷികളുമെല്ലാം മാലിന്യങ്ങൾ വലിച്ച് റോഡിന്റെ പല ഭാഗങ്ങളിലേക്കും ഇടുകയാണ്. ഇത് പകർച്ചവ്യാധിക്കും കാരണമാകുമോയെന്ന ആശങ്ക ഉയർത്തുന്നുണ്ട്.
പഞ്ചായത്ത് റോഡിന്റെ വശത്ത് മാലിന്യം തള്ളൽ ആരംഭിച്ച സമയത്ത് ഗ്രാമപഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും പരാതിയുണ്ട്.