
അങ്കമാലി: നഗരസഭയും പൊലീസും ഉണർന്നു പ്രവർത്തിച്ചപ്പോൾ കുരുങ്ങിക്കുഴഞ്ഞിരുന്ന അങ്കമാലി ടി.ബി. ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് അഴിഞ്ഞു. ഹൈവേ ജംഗ്ഷൻ കഴിഞ്ഞാൽ അങ്കമാലി ടൗണിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്ന ക്യാംപ് ഷെഡ് റോഡിലായിരുന്നു. കഴിഞ്ഞ ദിവസം നഗരസഭയിൽ നടന്ന ട്രാഫിക് കമ്മിറ്റിയെടുത്ത നിരവധി തീരുമാനങ്ങളിൽ ടി.ബി. ജംഗ്ഷനിൽ നടപ്പിലാക്കിയ പരിഷ്കാര നടപടികൾ ഫലം കാണുകയായിരുന്നു.
ടി.ബി ജംഗ്ഷനിൽ എം.സി.റോഡ് വഴി വരുന്ന വാഹനങ്ങളും ദേശീയപാതയിൽ തൃശൂർ ഭാഗത്തു നിന്നും എം.സി.റോഡിലേക്കും മലയാറ്റൂർ ഭാഗത്തേക്കും പോകേണ്ട വാഹനങ്ങളും ഒരു നിയന്ത്രണവുമില്ലാതെ തലങ്ങും വിലങ്ങുമായി എത്തി വഴി കാണാൻ കഴിയാത്ത വിധം മണിക്കൂറുകൾ കുരുക്കനുഭവപ്പെടുന്നത് നിത്യ കാഴ്ചയായിരുന്നു. കുരുക്ക് മുറുകുമ്പോൾ ഓട്ടോ തൊഴിലാളികളും യാത്രക്കാരുമാണ് ഇവിടെ ട്രാഫിക് നിയന്ത്രിച്ച് വാഹനങ്ങൾ കടത്തിവിട്ടിരുന്നത്.
ട്രാഫിക് കമ്മിറ്റി തീരുമാനങ്ങൾ
ഫെഡറൽ ബാങ്ക് ജംഗ്ഷനിലും ടി.ബി. ജംഗ്ഷനിൽ മൂന്ന് ഭാഗത്തും എൽ.എഎഫ് കവാടത്തിലും താത്കാലിക കോൺ ഡിവൈഡറുകൾ സ്ഥാപിച്ചു
ബസ് സ്റ്റോപ്പുകൾ കൂടുതൽ സൗകര്യപ്രദമായ സ്ഥലങ്ങളിലെക്ക് മാറ്റി
ബസുകൾ ബസ് സ്റ്റോപ്പുകളിൽ മാത്രം നിറുത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യാനുള്ള നിർദ്ദേശം നടപ്പിലാക്കി. വാഹനങ്ങൾ ഡിവൈഡറുകൾക്കകത്തു കൂടി കൃത്യതയോടെ കടത്തിവിടുന്നതിനായി ജംഗ്ഷനിൽ പൊലീസ് സേവനം ഉറപ്പു വരുത്തി
ടി ബി ജംഗ്ഷനിലും അങ്ങാടി കടവ് ജംഗ്ഷനിലും താൽക്കാലിക മീഡിയൻ സ്ഥാപിച്ചതും വാഹനങ്ങൾ മീഡയനുകൾക്ക് അകത്തു കൂടി കടത്തിവിടാൻ നിയമപാലകരുടെ സ്ഥിരം സാന്നിദ്ധ്യം ഉറപ്പുവരുത്തുകയും ചെയ്തതാണ് ഗതാഗതക്കുരുക്ക് അഴിയാൻ പ്രധാനമായും സഹായകമായത്.
പോൾ ജോവർ,
നഗരസഭവികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
വാഹന കുരുക്കുമൂലം ടി.ബി ജംഗ്ഷൻ ഓട്ടോറിക്ഷ സ്റ്റാൻഡിൽ നിന്നും ഓട്ടോറിക്ഷകൾ എടുക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. പുതിയതായി നടപ്പിലാക്കിയ പരിഷ്കാരങ്ങളും പൊലീസിന്റെ ഇടപെടലും കുരുക്ക് ഒഴിവാക്കി.
എൽദൊ വടക്കൻ,
ഓട്ടോ ഡ്രൈവർ
ടി.ബി ജംഗ്ഷൻ സ്റ്റാൻഡ്