കൊച്ചി: ഓണക്കാലത്ത് നഗരത്തിലെത്തുന്ന കുട്ടികൾക്കുവേണ്ടി മറൈൻ ഡ്രൈവിലെ ഇന്ദിര പ്രിയദർശിനി ചിൽഡ്രൻസ് പാർക്കിൽ ഇന്നുമുതൽ മ്യൂസിക്കൽ ഫൗണ്ടൻ പ്രവർത്തനം ആരംഭിക്കും.

എല്ലാദിവസവും വൈകിട്ട് 6മുതൽ രാത്രി 9വരെയാണ് വർണദീപങ്ങളും സംഗീതവും ഇഴചേർന്ന ജലധാരനൃത്തം സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ ശിശുക്ഷേമസമിതിയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായാണ് എറണാകുളം ചിൽഡ്രൻസ് പാർക്ക് ഒരുക്കിയിരിക്കുന്നത്. എറണാകുളം കോർപ്പറേഷൻ പരിധിയിൽ ആദ്യമായാണ് മ്യൂസിക്കൽ ഫൗണ്ടൻ ആരംഭിക്കുന്നത്. ഇതോടൊപ്പം ഇലക്ട്രിക് ട്രെയിൻ ഉൾപ്പെടെ കുട്ടികൾക്കുവേണ്ടി നിരവധി വിനോദോപാധികളും പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്.

മുമ്പുണ്ടായിരുന്ന പഴയഫൗണ്ടൻ പൊളിച്ചുമാറ്റിയാണ് പുതിയത് നിർമ്മിച്ചത്. 2018 ജൂണിലാണ് നവീകരണത്തിനായി പാർക്ക് അടച്ചത്. ഒരു വർഷത്തിനകം തുറക്കാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പ്രളയം, കൊവിഡ് തുടങ്ങിയ പ്രതിസന്ധികൾ കാരണം നിർമ്മാണ ജോലികൾ അനിശ്ചിതമായി വൈകി. മൊത്തം നാലുകോടിരൂപ ചെലവിലാണ് പാർക്കിന്റെ നവീകരണം നടത്തിയത്. പൊതുമേഖലാ സ്ഥാപനമായ കെല്ലിനായിരുന്നു (കേരള ഇലക്ട്രിക്കൽസ് ആൻഡ് അലൈഡ് എൻജിനിയറിംഗ് ലിമിറ്റഡ്) നിർമ്മാണച്ചുമതല.

ഇന്ന് വൈകിട്ട് 7ന് നടക്കുന്ന ചടങ്ങിൽ മേയർ അഡ്വ.എം. അനിൽകുമാർ നവീകരിച്ച പാർക്കും ഫൗണ്ടനും ഉദ്ഘാടനം ചെയ്യും. ടി.ജെ. വിനോദ് എം.എൽ.എ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, ഡി.ടി.പി.സി ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

പാർക്ക് വി​ശേഷങ്ങൾ

1 ഉച്ചയ്ക്ക് 12മുതൽ രാത്രി 9വരെയാണ് പാർക്കിൽ പ്രവേശനം

2 10വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം

3 10വയസിന് മുകളിലുള്ളവർക്ക് 20രൂപയാണ് ഫീസ്

4 ഓണാഘോഷത്തോടനുബന്ധിച്ച് ഈമാസം 7വരെ സമൃദ്ധിയുടെ വിഭവ സമൃദ്ധമായ ഭക്ഷണശാലയും ഉണ്ടാകും