si-vaji

അങ്കമാലി: റോഡ് തോടായി മാറിയതിൽ വാഴ നട്ട് നാട്ടുകാരുടെ പ്രതിഷേധം. കറവൂർ ഗ്രാമപഞ്ചായത്തിലെ പുതിയ വാർഡ് 6ലെ ശിവജിപുരം -മൂപ്പൻകവല റോഡിൽ ശിവജിപുരം ഭാഗം മാസത്തിലേറെയായി തകർന്ന നിലയിലാണ്. കിടങ്ങൂർ, തുറവൂർ സ്കൂളിലേക്കുള്ള സൈക്കിൾ യാത്രക്കാരായ വിദ്യാർത്ഥികൾക്കും, ഇരുചക്രവാഹന യാത്രക്കാർക്കും ഇതുവഴിയുള്ള യാത്ര വളരെ ദുഷ്കരമാണ്. അത്യാവശ്യ ഘട്ടത്തിൽ ഓട്ടോറിക്ഷാ വിളിച്ചാൽ പോലും ഇതുവഴി വരാൻ ആരും തയ്യാറാകുന്നില്ല. വിഷയം ഗ്രാമസഭകളിൽ നിരവധി തവണ അവതരിപ്പിച്ച് തീരുമാനങ്ങൾ എടുത്തിട്ടും ഈ റോഡ് നന്നാക്കുവാൻ വാർഡ് മെമ്പറോ പഞ്ചായത്ത്‌ ഭരണസമിതിയോ തയ്യാറായിട്ടില്ല. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ശിവജിപുരം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധിച്ചു. വാർഡ് സെക്രട്ടറി പി.കെ ശിവൻ ഉദ്ഘാടനം ചെയ്തു. വി.വി സന്തോഷ്‌, ഡോ. പ്രമീള, വി.വി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.