
കോലഞ്ചേരി: അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ് സ്ഥലമേറ്റെടുക്കാനുള്ള അന്തിമ വിജ്ഞാപനം റദ്ദായത് കുന്നത്തുനാടിന്റെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിക്കുന്നു. സ്ഥലമേറ്റെടുക്കാനുള്ള 3 ഡി വിജ്ഞാപനം ഇറക്കാൻ കഴിയാതെ വന്നതോടെ പദ്ധതിക്ക് താത്കാലിക പ്രതിസന്ധി നേരിട്ടിരിക്കുകയാണ്. പദ്ധതി വീണ്ടും പുനരുജ്ജീവിപ്പിക്കണമെങ്കിൽ 3എ വിജ്ഞാപനം വീണ്ടും ഇറക്കണം. 3എ വിജ്ഞാപനത്തിൽ പൂർത്തിയാക്കേണ്ട നടപടികൾ പൂർത്തീകരിക്കാതിരുന്നതോടെയാണ് 3 ഡി വിജ്ഞാപനം ഇറക്കാൻ കഴിയാതെ പോയത്. രണ്ട് വില്ലേജുകളിൽ ഒഴികെ സർവെ നടപടികൾ പൂർത്തിയായി കല്ലിട്ടതാണ്. 295 ഹെക്ടർ സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. എന്നാൽ, 67 ഹെക്ടറിന്റെ സർവെ നടപടികൾ മാത്രമാണ് പൂർത്തിയായത്. ഇതോടെ വീണ്ടും 3 എ വിജ്ഞാപനം പുറപ്പെടുവിക്കാതെ നടപടികളുമായി മുന്നോട്ട് നീങ്ങാൻ കഴിയാത്ത വിധം പ്രതിസന്ധിയാണുള്ളത്.
ഭൂവുടമകൾക്ക് ആശങ്ക
കല്ലിട്ടു പോയ പ്രദേശങ്ങളിൽ പുതിയ നിർമാണങ്ങൾ നടത്തുന്നതിനും സ്ഥലം കൈമാറ്റം ചെയ്യുന്നതുമടക്കം പ്രതിസന്ധിയുണ്ടാകുമെന്ന ആശങ്കയിലാണ് ഭൂവുടമകൾ. ശബരി പാതയുടെ കാര്യത്തിലടക്കം നാട്ടുകാർ കുരുങ്ങിയത് ഇവിടെയും സംഭവിക്കുമെന്നതാണ് പ്രതീക്ഷകൾക്ക് മങ്ങലേല്പിക്കുന്നത്.
അലൈൻമെന്റ്
പെരിയാർ മുറിച്ച് കടന്നാണ് നിർദ്ദിഷ്ട പാത കുന്നത്തുനാട്ടിലെ വാഴക്കുളം പ്രദേശത്ത് എത്തുന്നത്. തുടർന്ന് മുടിക്കൽ ഭാഗത്തെ വയലുകളിലൂടെ ചെറുവേലിക്കുന്ന്, ചെമ്പാരത്തുകുന്ന് വഴി പോഞ്ഞാശേരിക്കടുത്ത് പെരുമ്പാവൂർ റോഡ് മുറിച്ച് കടന്ന് വെസ്റ്റ് വെങ്ങോല വഴി ചേലക്കുളം, ചൂരക്കോട് വഴി പട്ടിമറ്റം ഭാഗത്തേയ്ക്കും ഇവിടെ മൂവാറ്റുപുഴ റോഡ് മുറിച്ച് കടന്ന് പാങ്കോട് വഴി പുത്തൻകുരിശിനടുത്ത് ദേശീയപാത മുറിച്ച് കടന്ന് മോനിപ്പിള്ളി, ചെമ്മനാട്, വണ്ടിപേട്ട, കുഴിയറ കടന്ന് തിരുവാങ്കുളത്തുമെത്തും. ഇവിടെ റെയിൽവെ ലൈൻ മുറിച്ച് കടന്ന് മരടിലെത്തും. അവിടെ നിന്ന് നെട്ടൂർ കടന്ന് കുണ്ടന്നൂരിലെത്തി നിലവിലെ ദേശീയപാതയിൽ സംഗമിക്കും വിധമാണ് അലൈൻമെന്റ്.
ആകെ നീളം 47 കിലോമീറ്റർ
ആലുവ, കുന്നത്തുനാട്, കണയന്നൂർ താലൂക്കുകളിലെ 17 വില്ലേജുകളിലൂടെ കടന്നുപോകും
കുന്നത്തുനാട് താലൂക്കിൽ ഭൂമിയേറ്റെടുത്ത വില്ലേജുകൾ
വടവുകോട് പുത്തൻകുരിശ്
ഐക്കരനാട് സൗത്ത്
നോർത്ത് പട്ടിമറ്റം
കുന്നത്തുനാട്
കിഴക്കമ്പലം
അറയ്ക്കപ്പടി
വെങ്ങോല മാറമ്പിള്ളി
വാഴക്കുളം
സംസ്ഥാന സർക്കാരിന്റെ മെല്ലെപോക്ക് നയമാണ് അന്തിമ വിജ്ഞാപനം ഇറക്കാൻ തടസമായത്. 3 എ വിജ്ഞാപനം റദ്ദായ സാഹചര്യത്തിൽ വീണ്ടും ഇറക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും.
ബെന്നി ബഹനാൻ, എം.പി